
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനാണ് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ പേരില്‍ വിലക്ക് വന്നത്. മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനുമായി ഇന്ന് വൈകീട്ടാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്.

ചടങ്ങിന് അനുമതി തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. പെരുമാറ്റ ചട്ടം നില നില്ക്കുന്നതിനാല് അനുമതി നല്‍കാനാകില്ലെന്ന നിലപാടാണ് ടിക്കാറാം മീണ സ്വീകരിച്ചത്. സംസ്ഥാനത്താകെ 600 കേന്ദ്രങ്ങളിലും സ്റ്റുഡന്റസ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായിരുന്നു തീരുമാനം. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും പെരുമാറ്റചട്ടം ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. അതുകൊണ്ട് ചടങ്ങ് നടത്താനാകില്ലെന്നാണ് ടിക്കാറാം മീണയുടെ നിലപാട്.
തീരുമാനത്തിനോട് മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തിയുണ്ടെങ്കിലും പ്രതികരിച്ചിട്ടില്ല. കണ്ണൂരില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണത്തിലും തുടര്‍ന്നുള്ള നടപടിക്രമങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ച നിലപാടികളില്‍ പാര്‍ട്ടിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇത് നിലനില്‍ക്കവെയാണ് മുഖ്യമന്ത്രിയുടെ പരിപാടിക്ക് കമ്മീഷന് അനുമതി നിഷേധിക്കുന്നത്.
