മുഖ്യമന്ത്രി പറഞ്ഞു നിര്‍ത്തിയില്ല; അതിനുമുമ്പേ മാപ്പപേക്ഷയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി പറഞ്ഞു നിര്‍ത്തിയില്ല; അതിനുമുമ്പേ മാപ്പപേക്ഷയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ടി.പി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ സുപ്രീം കോടതിയില്‍ സര്‍ക്കാറിന്റെ മാപ്പപേക്ഷ. കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാറിനു വേണ്ടി ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സെന്‍കുമാറിന്റെ നിയമനത്തില്‍ കാലതാമസമുണ്ടായതില്‍ മാപ്പപേക്ഷിക്കുന്നതായും കോടതിയുടെ ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തില്‍ നിരുപാധികം മാപ്പു പറയുന്നതായും ആണ് നളിനി നെറ്റോ സര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

കോടതി നാളെയാണ് സെന്‍കുമാര്‍ കൊടുത്ത കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നു നളിനി നെറ്റോയുടെ അപേക്ഷയിലുണ്ട്. സെന്‍കുമാറിന് പുനര്‍നിയമനം നല്‍കിയതായും അതിനാല്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകേണ്ടതില്ലെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതിയുടെ വിധിയില്‍ വ്യക്തത തേടിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജിയില്‍ അനാവശ്യമായി കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപ കോടതിച്ചിലവായി അടക്കണമെന്ന് ഉത്തരവിട്ടിരുന്നു. 12 ദിവസം മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടും അത് നടപ്പാക്കാന്‍ തയ്യാറാവാത്ത സര്‍ക്കാറിന് കടുത്ത ശകാരമാണ് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചത്.

0Shares