ക്ഷേത്രം ഭക്തരുടേതാണ്; മേല്‍ക്കോയ്മ അധികാരം മാത്രമാണ് ദേവസ്വം ബോര്‍ഡിനുള്ളത്; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി പന്തളം കൊട്ടാരം

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷേത്രം ഭക്തരുടേതാണ്; മേല്‍ക്കോയ്മ അധികാരം മാത്രമാണ് ദേവസ്വം ബോര്‍ഡിനുള്ളത്; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി പന്തളം കൊട്ടാരം

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി പന്തളം കൊട്ടാരം. ക്ഷേത്രം ഭക്തരുടേതാണെന്നും മേല്‍ക്കോയ്മ അധികാരമാണ് ദേവസ്വം ബോര്‍ഡിനുള്ളതെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. ദേവസ്വം ബോര്‍ഡ് ആണ് ഉടമസ്ഥര്‍ എന്ന വാദം തെറ്റാണ്. കവനന്റ് പ്രകാരം കൈമാറിയവര്‍ക്കും ക്ഷേത്രത്തില്‍ അവകാശമുണ്ട്. പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല. ആചാരലംഘനം നടന്നാല്‍ ചോദിക്കാനുള്ള അവകാശം ഭക്തര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വരുമാനത്തില്‍ കണ്ണുനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവര്‍. ഭക്തരെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടന്നില്ല. നിലയ്ക്കലില്‍ ആദ്യം അടികൊണ്ടത് മലയരയന്‍മാര്‍ക്കാണ്. അയ്യപ്പന് കാവലിരിക്കുന്നവരായാണ് അവരെ കണക്കാക്കുന്നത്. കടക്കെണിയില്‍ കുടുങ്ങി എന്ന് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു, തിരുവിതാംകൂറില്‍ നിന്ന് പണം വാങ്ങിയത് രാജ്യസുരക്ഷയ്ക്കാണ്. മുഖ്യമന്ത്രിയോട് പുച്ഛത്തോടെയുള്ള വിമര്‍ശനത്തില്‍ ദുഃഖമുണ്ട്. ക്ഷേത്രത്തില്‍ പൂജാരിയും, ക്ഷേത്രേശ്വനും, തന്ത്രിയും പ്രധാനമാണ്. എല്ലാ ക്ഷേത്രങ്ങളിലെയും തന്ത്രിമാര്‍ ബ്രഹ്മചാരിയാകണമെന്ന് നിയമമില്ല. ചില ക്ഷേത്രങ്ങളില്‍ അങ്ങനെയുണ്ട്. ശബരിമലയിലെ ആചാരം അതല്ല. ഇന്നുവരെ കേട്ടിട്ടില്ലാത്ത വിധത്തില്‍ ശബരിമലയെ ചര്‍ച്ചക്കെത്തിച്ച സാഹചര്യത്തിലാണ് ഇങ്ങനെ മറുപടി പറയുന്നത്. 1949 ലെ കവന്റില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഒഴികെയുള്ള ക്ഷേത്രത്തിലെ ആചാരങ്ങള്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പാക്കും എന്നാണ്. ആചാര അനുഷ്ഠാനങ്ങള്‍ ഭംഗിയായി നടപ്പാക്കും എന്ന് കവനന്റില്‍ പറഞ്ഞിട്ടുണ്ട്. അത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ ആവശ്യം പറയേണ്ടി വന്നത്. ദേവസ്വത്തില്‍ നിന്ന് കൊട്ടാരത്തിന് ലഭിക്കേണ്ട അവകാശം ലഭിക്കണം. സാമ്പത്തികമായ ഒരു കാര്യവും പന്തളം കൊട്ടാരം ആവശ്യപ്പെടാറില്ല. തിരുവാഭരണം വഹിക്കുന്ന ആളുകളുടെ വേതനം മാത്രമാണ് ആകെ ആവശ്യപ്പെട്ട കാര്യം. ശബരിമലയിലെ വരുമാനം കണ്ണ് നട്ടിരിക്കുന്നവരല്ല കൊട്ടാരമെങ്കിലും ആരോ അതില്‍ കണ്ണ് നട്ടിരിക്കുന്നുണ്ട്. അതാരാണെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണം. ഭക്തകളെ മോശപെടുത്താനാണ് കഴിഞ്ഞ ദിവസം വന്ന ആറ് പേരു ശ്രമിച്ചതെന്നും പന്തളം കൊട്ടാരം ആരോപിച്ചു. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും മറ്റൊരാള്‍ക്കും അതില്‍ അവകാശമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.

0Shares