മുംബൈ സ്ഫോടനക്കേസില്‍ താഹിര്‍ മര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ; അബുസലിമിനും കരീമുല്ലാ ഖാനും ജീവപര്യന്തം

  • Post category:news
  • Reading time:2 mins read
You are currently viewing മുംബൈ സ്ഫോടനക്കേസില്‍ താഹിര്‍ മര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ; അബുസലിമിനും കരീമുല്ലാ ഖാനും ജീവപര്യന്തം

മുംബൈ: 257 പേരുടെ മരണത്തിനിടയാക്കിയ 1993 ലെ മുംബൈ സ്ഫോടന കേസില്‍ ഫിറോസ് ഖാന്‍, താഹര്‍ മര്‍ച്ചന്റ് എന്നിവര്‍ക്ക് വധശിക്ഷ. കൂട്ടുപ്രതികളായ അധലോക കുറ്റവാളി അബു സലീമിനും കരീമുള്ള ഖാനും ജീവപര്യന്തം തടവ്. ഇരുവര്‍ക്കും കോടതി രണ്ടു ലക്ഷം രൂപ വീതം പിഴയും ചുമത്തി. റിയാസ് സിദ്ധീഖിക്ക് പത്തുവര്‍ഷം തടവും 10,000 രൂപ പിഴയും ചുമത്തി. മുംബൈ പ്രത്യേക ടാഡ കോടതിയാണ് വ്യാഴാഴ്ച ഉച്ചയോടെ ശിക്ഷ വിധിച്ചത്. മുംബൈ സ്‌ഫോടനക്കേസിലെ രണ്ടു ഘട്ട വിചാരണയില്‍ അഞ്ചു പ്രതികള്‍ക്കെതിരായ ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്. കേസിലെ ഏഴാം പ്രതി അബ്ദുള്‍ ഖ്വയമിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. മറ്റൊരു പ്രതിയായ മുസ്തഫ ദൂസ്സ വിചാരണയ്ക്കിടെ മരണമടഞ്ഞതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് ചെറുപ്പക്കാരെ ആയുധ പരിശീലനത്തിനായി പാകിസ്താനിലേക്കയച്ചു എന്നതാണ് താഹിറിനെതിരായ കുറ്റം. സ്ഫോടനത്തിനുള്ള ആയുധങ്ങള്‍ എത്തിച്ചതും അതിനു ശേഷം തെളിവുകള്‍ നശിപ്പിച്ചതും ഫിറോസ്ഖാനെതിരായ കുറ്റത്തില്‍ ഉള്‍പെടുന്നു.

മുംബൈയില്‍ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹിമും, ടൈഗര്‍ മേമനുമടങ്ങുന്ന സംഘത്തിനെ സഹായിക്കാന്‍ ആയുധം വിതരണംചെയ്തു, കേസില്‍ പ്രതിയായിരുന്ന സഞ്ജയ് ദത്തിന് ആയുധം എത്തിച്ചുനല്‍കി തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരായ കേസ്. മുസ്തഫ ദോസെ അയച്ച ആയുധങ്ങള്‍ അബുസലിം വഴിയാണ് മുംബൈയിലെത്തിച്ചത്. കേസിന്റെ മുഖ്യസൂത്രധാരന്‍ യാക്കൂബ് മേമനെ രണ്ടു വര്‍ഷം മുമ്പ് തൂക്കിലേറ്റിയിരുന്നു. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതിനുള്ള പ്രതികാരമായി സ്ഫോടനങ്ങള്‍ നടത്തി എന്നാണ് കേസ്. 2011 ലാണ് ഈ ഏഴു പേരുടെ വിചാരണ ആരംഭിച്ചത്. കേസില്‍ ഇതുവരെ അറസ്റ്റിലായ എല്ലാ പ്രതികളുടേയും നിയമനടപടികള്‍ പൂര്‍ത്തിയായിരുന്നു. 1993 മാര്‍ച്ച് 12ന് മുംബൈയിലെ പന്ത്രണ്ടിടത്താണ് സ്ഫോടനങ്ങള്‍ നടന്നത്. 713 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2006 ല്‍ അവസാനിച്ച ആദ്യ ഘട്ട വിചാരണയില്‍ 100 പേര്‍ കുറ്റക്കാരാണെന്നു കണ്ട് ശിക്ഷ വിധിച്ചിരുന്നു. 2006 നും 2010 നും ഇടയില്‍ അറസ്റ്റിലായവരുടെ വിചാരണ പ്രത്യേകമായി നടത്തണമെന്ന സി.ബി.ഐ പ്രത്യേക അഭിഭാഷകന്‍ ദീപക് സാല്‍വിയുടെ ആവശ്യം പരിഗണിച്ചാണ് ഏഴു പേരുടെ വിചാരണ രണ്ടാംഘട്ടമാക്കിയത്. കേസില്‍ പത്തുവര്‍ഷം മുമ്പ് പൂര്‍ത്തിയായ ഒന്നാംഘട്ട വിചാരണയില്‍ നൂറുപ്രതികളെയാണ് കോടതി ശിക്ഷിച്ചത്. 23 പേരെ വെറുതെ വിട്ടിരുന്നു.

 

0Shares