മുംബൈ: മുംബൈയുടെ തട്ടകത്തില്‍ തന്നെ മുട്ടുകുത്തിച്ച് റൈസിങ് പൂനെസൂപ്പര്‍ജയന്റ് ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നു. ആദ്യമായാണ് റൈസിങ് പൂനെസൂപ്പര്‍ജയന്റ് ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. മുംബൈയെ 20 റണ്‍സിനാണ് പൂനെ ടീം മുംബൈയെ നാണം കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പൂനെ 20 ഓവറില്‍ നാല് വിക്കറ്റിന് 162 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 142 എന്ന നിലയില്‍ അവസാനിച്ചു. അജിന്‍ക്യ രഹാനെ(56) മനോജ് തിവാരി(58) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് പൂനെയുടെ ബാറ്റിങിന് അടിത്തറയേകിയത്. എംഎസ് ധോണി (40) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് പൂനെയെ 162 റണ്‍സില്‍ ഭേ
തപ്പെട്ട നിലയില്‍ എത്തിച്ചത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പൂനെയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണിങ്ങില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന രാഹുല്‍ ത്രിപതി (0) ആദ്യം ഓവറില്‍ തന്നെ മടങ്ങി. മഗ്ലെങ്ങനായിരുന്നു വിക്കറ്റ്. രണ്ടാം ഓവറില്‍ ലസിത് മലിംഗയ്ക്ക് മുന്നില്‍ സ്റ്റീവ് സ്മിത്തും വീണതോടെ പൂനെ സ്‌കോര്‍ബോര്‍ഡ് രണ്ടോവറില്‍ രണ്ട് വിക്കറ്റിന് ഒമ്പത് റണ്‍സെന്ന തകര്‍ന്ന നിലയിലായിരുന്നു. വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ പൂനെയെ മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന രഹാനെയും മനോജ് തിവാരിയും ചേര്‍ന്ന് രക്ഷിക്കുകായിരുന്നു. 43 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും സഹിതം 56 റണ്‍സെടുത്ത രഹാനെയെ കരണ്‍ ശര്‍മ മടക്കുമ്പോള്‍ പൂനെ 12.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 89 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ രഹാനെ ഐപിഎല്ലില്‍ 3000 റണ്‍സും പൂര്‍ത്തിയാക്കി. പതിയെ തുടങ്ങി മനോജ് തിവാരി 48 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതമാണ് 58 റണ്‍സ് അടിച്ചെടുത്തത്. 18 പന്തില്‍ 14 റണ്‍സെന്ന നിലയില്‍ പതറി നിന്ന ധോണി അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി. മഗ്ലെങ്ങന്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് സിക്‌സറുകള്‍ സഹിതം 26 റണ്‍സാണ് പൂനെ അടിച്ചെടുത്തത്. അവസാന ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബൂംറ രണ്ട് സിക്‌സര്‍ വഴങ്ങി 15 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ പൂനെയുടെ സ്‌കോര്‍ബോര്‍ഡ് 20 ഓവറില്‍ നാല് വിക്കറ്റിന് 162 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തി. അവസാന ഓവറിലെ അവസാന പന്തില്‍ തിവാരി റണ്ണൗട്ടായി.
മറുപടി ബാറ്റിങില്‍ അര്‍ധ സെഞ്ച്വറി നോടിയ പാര്‍ഥിവ് പട്ടേലിന് മാത്രമാണ്(52) മുംബൈ നിരയില്‍ തിളങ്ങാനായത്. ലിന്‍ഡന്‍ സിമ്മണ്‍സ്(5), രോഹിത് ശര്‍മ(1), അമ്ബാട്ടി റായിഡു(0), കീറോണ്‍ പൊള്ളാര്‍ഡ്(7) ഹര്‍ദിക് പാണ്ഡ്യ(14) ക്രുണാല്‍ പാണ്ഡ്യ(15) മിച്ചല്‍ മഗ്ലെങ്ങന്‍(12), ജസ്പ്രീത് ബൂംറ എന്നിവരാണ് മുംബെയുടെ സ്‌കോറര്‍മാര്‍. പൂനെ നിരയില്‍ വാഷിങ്ടണ്‍ സുദ്ധര്‍, സര്‍ഡദുല്‍ താക്കൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗൂസനും ജയദേവ് ഉനദ്ഗട്ടും ഓരോ വിക്കറ്റും സ്വന്തമാക്കി.