മുംബൈയെ കേരളമാക്കാന്‍ ഗ്രീന്‍ മുംബൈ പദ്ധതി വരുന്നു; 12,000 തെങ്ങുകള്‍ വെച്ചുപിടിപ്പിക്കും

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈയെ കേരളമാക്കാന്‍ ഗ്രീന്‍ മുംബൈ പദ്ധതി വരുന്നു; 12,000 തെങ്ങുകള്‍ വെച്ചുപിടിപ്പിക്കും

മുംബൈ: മുംബൈയെ കേരളമാക്കാന്‍ ഗ്രീന്‍ മുംബൈ പദ്ധതി വരുന്നു. നഗരത്തിലെ കടല്‍ത്തീരങ്ങളില്‍ തെങ്ങിന്‍തൈകള്‍ വെച്ചുപിടിപ്പിക്കാനാണ് പദ്ധതി. ഇതിനായ് 12,000 തെങ്ങുകളാണ് ജുഹു, വര്‍സോവ, അക്‌സ, ഗോരായ്, ദാനപാനി, മനോരി തീരപ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത്. പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും സന്നദ്ധസംഘടനയായ ലെറ്റ്‌സ് ഗ്രീനിന്റെ സ്ഥാപകനുമായ ശുഭജിത് മുഖര്‍ജിയാണ് ഈ ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഗ്രീന്‍ യാത്ര എന്ന സന്നദ്ധസംഘടനയും ഒപ്പമുണ്ട്. ഗ്രീന്‍ മുംബൈ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ഗ്രീന്‍ മുംബൈയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തന്നെ പല പദ്ധതികളും ആസൂത്രണംചെയ്തുവരികയാണ്. എന്നാല്‍, തീരപ്രദേശങ്ങളില്‍ ഇത് വേണ്ടരീതിയില്‍ നടപ്പാക്കിയില്ല. നേരത്തെ ചാര്‍ക്കോപ്പില്‍ നാട്ടുകാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് 60 തെങ്ങിന്‍തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. ഇതാണ് മറ്റുതീരപ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ പ്രചോദനമേകിയത്. നടുന്ന ഒരോ തെങ്ങിന്റെയും ഉത്തരവാദിത്വം പ്രദേശത്തെ ഒരാളെ ഏല്‍പ്പിക്കാനാണ് പരിപാടി. നടുന്നതും വളര്‍ത്തുന്നതും പരിചരിക്കുന്നതുമൊക്കെ ആ വ്യക്തിയായിരിക്കും. തെങ്ങുകള്‍ നശിക്കാതെ സംരക്ഷിക്കാന്‍ വേണ്ടിയാണിത്. എട്ടോ പത്തോ വര്‍ഷം വേണം തെങ്ങുകള്‍ കായ്ക്കാന്‍. അതുവരെ ശുശ്രൂഷിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളൊക്കെ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഒരു തെങ്ങിന്‍തൈയ്ക്ക് വലുപ്പമനുസരിച്ച് 60 മുതല്‍ 200 രൂപ വരെ വിലയുണ്ട്. ഇതിന്റെ കടത്തുകൂലിയും മറ്റുമായി 60 രൂപയോളം വേറെയും വരും. ഒരു തെങ്ങില്‍നിന്ന് ശരാശരി 100 തേങ്ങ ലഭിക്കുമ്പോള്‍ വര്‍ഷം 12 ലക്ഷം തേങ്ങയും ലഭ്യമാവുമെന്ന് ശുഭജിത് മുഖര്‍ജി പറയുന്നു.

 

0Shares