മുംബൈയില്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ബ്രിഡ്ജില്‍ തിക്കിലുംതിരക്കിലുംപെട്ട് 22 പേര്‍ മരിച്ചു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം

  • Post category:news
  • Reading time:2 mins read
You are currently viewing മുംബൈയില്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ബ്രിഡ്ജില്‍ തിക്കിലുംതിരക്കിലുംപെട്ട് 22 പേര്‍ മരിച്ചു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം

മുംബൈ: മുംബൈയിലെ എണ്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാവിലെ 10.45 ഓടെയായിരുന്നു സംഭവം. പരേല്‍ സ്റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്റ്റേഷനിലേക്ക് പോകാനായി നിര്‍മിച്ച നടപ്പാലത്തിലാണ് അപകടമുണ്ടായത്. ശക്തമായ മഴ പെയ്തതോടെ യാത്രക്കാര്‍ ഓവര്‍ബ്രിഡ്ജിലേക്ക് ഓടിക്കയറിയതാണ് അപകടമുണ്ടാക്കിയത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കെഇഎം ആശുപത്രിയിലാണ് പരിക്കേറ്റവരെ കൂടുതലും പ്രവേശിപ്പിച്ചിരിക്കുന്നത്. 22 പേരുടെ മരണം മുംബൈ കോര്‍പ്പറേഷന്റെ ദുരന്ത നിവാരണ സേന സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് സൂചന. സംഭവത്തില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ഇടുങ്ങിയ നടപ്പാതയിലൂടെ മഴയും ഓഫീസ് സമയത്ത് ആയിരക്കണക്കിന് ആളുകള്‍ നിന്നതാണ് അപകടത്തിന് കാരണമാണെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം ആളുകള്‍ പരിഭ്രാന്തരായതാണ് സംഭവത്തിന് കാരണമെന്നും ചിലര്‍ പറയുന്നു. അവധിദിനങ്ങളില്‍ ബ്രിഡ്ജില്‍ തിരക്ക് പതിവാണെന്നും ദുരന്തം സംഭവിക്കുന്നതിന്റെ സൂചന പലപ്പോഴുമുണ്ടായിട്ടുണ്ടെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. എല്‍ഫിന്‍സ്റ്റണ്‍ എന്നായിരുന്നു ഈ റെയില്‍വേ സ്റ്റേഷന്റെ പഴയ പേര്. കുറച്ചുനാള്‍ മുമ്പാണ് ഇതിന് പ്രഭാദേവി എന്ന് പേരുമാറ്റിയത്.  മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനോട് സ്ഥലത്ത് എത്താന്‍ നിര്‍ദ്ദേശിച്ചുവെന്നും എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാരും രംഗത്തെത്തി. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും തക്കതായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.

അതേസമയം, അപകടത്തില്‍പ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഹെല്‍പ് ലൈനുകള്‍ തുറന്നു.

കെ.ഇ.എം ആശുപത്രി: 02224107000

വെസ്റ്റേണ്‍ റയില്‍വേ കണ്‍ട്രോള്‍ റൂം: 022 23070564, 02223017379, 02223635959

മുംബൈ റയില്‍വേ കണ്‍ട്രോള്‍ റൂം: 02223081725

ട്രാഫിക് ഹെല്‍പ് ലൈന്‍ വാട്ട്‌സ്ആപ്പ് നമ്പര്‍: 8454999999

0Shares