താനെ: പോപ്പ് സംഗീത രാജകുമാരന്‍ ജസ്റ്റിന്‍ ബീബറുടെ മുംബൈയില്‍ നടന്ന സംഗീത പരിപാടിയുടെ സംഘാടകര്‍ക്ക് വിനോദ വകുപ്പിന്റെ വന്‍ പിഴവരാന്‍ സാധ്യത. സ്‌പോണ്‍സര്‍മാരെയും പങ്കാളികളെയും സംബന്ധിച്ച് പൂര്‍ണ്ണ വിവരം നല്‍കാത്തതിനാണ് താനെ കളക്ടറേറ്റിലെ വിനോദ വകുപ്പ് സംഗീത പരിപാടിയുടെ സംഘാടകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ 2.77 കോടി രൂപയാണ് സംഗീത സംഘാടകര്‍ പിഴ ഒടുക്കേണ്ടത്.

നോട്ടീസിന് മറുപടി നല്‍കാന്‍ സംഘാടകര്‍ക്ക് ഏഴു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിരുഢ അശ്തപുത്രെ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റില്ലാതെ 7000ത്തോളം പേര്‍ പരിപാടിക്കെത്തിയതായും ഇതിലെ കണക്കുകള്‍ സംഘാടകര്‍ ബോധിപ്പിക്കേണ്ടതുണ്ടെന്നും ഇത് ലംഘിച്ചാല്‍ പിഴസംഖ്യ വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.