മുംബൈയിലെ ആരെ കോളനിയിലെ മരങ്ങളുടെയത്രപോലും വിലയില്ലേ കാശ്മീരിലെ ജീവിതങ്ങള്‍ക്ക്?; ചോദ്യവുമായി മെഹബൂബ മുഫ്തി

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈയിലെ  ആരെ കോളനിയിലെ മരങ്ങളുടെയത്രപോലും വിലയില്ലേ കാശ്മീരിലെ ജീവിതങ്ങള്‍ക്ക്?;  ചോദ്യവുമായി മെഹബൂബ മുഫ്തി

കാശ്മീരിലെ ജനങ്ങള്‍ക്ക് മുംബൈയിലെ ആരെ കോളനിയിലെ മരങ്ങളുടെ അത്രപോലും വിലയില്ലാതായെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. ആരെ കോളനിയിലെ മരം മുറിക്കാനുള്ള നീക്കം സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയായിരുന്നു മെഹബൂബയുടെ പ്രതികരണം. മകള്‍ കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മെഹബൂബയുടെ ട്വീറ്റ്. ആരെ കോളനിയിലെ മരം വെട്ടുന്നത് തടഞ്ഞ പരിസ്ഥിതി-സാമൂഹ്യപ്രവര്‍ത്തകരെ താന്‍ അഭിനന്ദിക്കുന്നെന്നും എന്തുകൊണ്ടാണ് ഈ അവകാശം കാശ്മീരിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതെന്നും മെഹബൂബ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു.

കാശ്മീരികള്‍ ഇന്ത്യയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അടിസ്ഥാന അവകാശങ്ങള്‍പ്പോലും കാശ്മീരികള്‍ക്ക് നിഷേധിച്ചുകൊണ്ടിരിക്കുകയാണ്, മെഹബൂബ പറയുന്നു. ഇന്നാണ് ആരെ കോളനിയിലെ മരം മുറിക്കാനുള്ള നീക്കം സുപ്രീം കോടതി സ്റ്റേ ചെയ്തത്.

ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്നും, മരം മുറിക്കുന്നതിനെതിരെ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായവരെ മുഴുവന്‍ വിട്ടയക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം. ജസ്റ്റിസ് അരുണ്‍ മിശ്ര,ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരുടെ സ്‌പെഷല്‍ ബെഞ്ചാണ് മരം മുറിക്കുന്നതിനെതിരായി നിയമ വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജി പരിഗണിച്ചത്.

 

0Shares