ന്യൂഡല്‍ഹി: മീ ടൂ വിവാദത്തില്‍ കുരുങ്ങി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു. അതേസമയം ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് നടത്തുമെന്ന് രാജിക്കത്തില്‍ എം.ജെ അക്ബര്‍ വിശദമാക്കി. അടിസ്ഥാനരഹിതമായ ആരോപണത്തെ നിയമവഴിയില്‍ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന സമയത്ത് എംജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട പത്തോളം സ്ത്രീകളാണ് ആരോപണം ഉന്നയിച്ചത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീടൂ കാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്.
ഡല്‍ഹിയിലെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ജോലി ചെയ്ത ആറു മാസം അക്ബര്‍ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം. മന്ത്രി ഡല്‍ഹിയിലെത്തിയതിന് പിന്നാലെ അക്ബറിനോട് രാജിവയ്ക്കാന്‍ ഉടന്‍ ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക ഗസാല വഹാബ് രംഗത്തെത്തി. രാജി വച്ചില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ അക്ബറിനെ ബഹിഷ്‌ക്കരിക്കണമെന്നും ഗസാല ആവശ്യപ്പെട്ടിരുന്നു. അക്ബറിനെ സംരക്ഷിക്കുന്നത് ബി.ജെ.പിക്ക് മുറിവേല്‍പ്പിക്കുമെന്ന് മുന്‍ എ.ബി.വി.പി നേതാവ് രശ്മി ദാസ് കുറ്റപ്പെടുത്തിയിരുന്നു. സംഘപരിവാറിന്റെ നയത്തിന് വിരുദ്ധമാണ് അക്ബറിനോടുള്ള സമീപനമെന്ന് സംഘപരിവാറിനൊപ്പം നില്‍ക്കുന്ന രശ്മി ദാസ് പറഞ്ഞു. ബിജെപിക്ക് ഇത് ക്ഷതം ഏല്പിക്കുമെന്നും രശ്മി ദാസ് തുറന്നടിച്ചിരുന്നു.
മീ ടൂ വിവാദത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു