തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ മീനുമായി യാത്ര ചെയ്തയാളെ കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതി. ആലപ്പുഴ സ്വദേശി ജോസഫിനാ(50)ണ് കണ്ടക്ടറുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നിന്നും മീനുമായി ബസില്‍ കയറിയ ജോസഫിനെ കണ്ടക്ടര്‍ അരവിന്ദ് ടിക്കറ്റ് റാക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പരാതി. സംഭവം കണ്ടതോടെ യാത്രക്കാര്‍ ബഹളം വച്ചു. ബസ് നിര്‍ത്തിയപ്പോള്‍ ഓടിക്കൂടിയ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചു.
മദ്യപിച്ചെത്തിയ ജോസഫ് തന്നോടാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് അരവിന്ദ് പറയുന്നത്. കേസെടുത്ത തമ്പാനൂര്‍ പോലീസ് കണ്ടക്ടര്‍ അരവിന്ദിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. ജോലി തടസപെടുത്തിയതില്‍ ജോസഫിനെതിരേയും കണ്ടക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മീനുമായി ബസില്‍ കയറി; തര്‍ക്കത്തിലായ കണ്ടക്ടര്‍ യാത്ര ചെയ്തയാളെ ടിക്കറ്റ് റാക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു