
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി 200 രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഇന്നു പുറത്തിറക്കുകയാണ്. പുതിയ കറന്‍സി ഇറക്കാന്‍ റിസര്‍വ് ബാങ്കിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് ധനമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് മഞ്ഞ നിറത്തിലുള്ള നോട്ടുകള്‍ വിപണിയില്‍ എത്തുന്നത്. 200 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത് എന്തിനെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇരുനൂറിന്റെ നോട്ട് പണമിടപാടുകള്‍ എളുപ്പമാക്കുന്നതിനും വ്യാജ നോട്ട് തടയുന്നതിനുമാണ് പുറത്തിറക്കിയതെന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം. നിലവില്‍ 500, 2000 നോട്ടുകള്‍ക്കിടയില്‍ വേറെ നോട്ടുകളില്ല.

ഈ സാഹചര്യത്തില്‍ ചില്ലറ ക്ഷാമം രൂക്ഷമായിരുന്നു. രണ്ടായിരത്തിന്റെ ഒറ്റനോട്ടുമായി ചെല്ലുന്ന ഇടപാടുകാര്‍ക്ക് പണമിടപാടുകള്‍ ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിലാണ് 500നും 2000ത്തിനും ഇടയില്‍ 200 രൂപാ നോട്ട് വേണമെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ചെറിയ ഇടപാടുകള്‍ക്കുള്ള ചില്ലറ ക്ഷാമം നോട്ട് നിരോധനം പ്രഖ്യാപിച്ച് പുതിയ രണ്ടായിരം രൂപ നോട്ട് വിപണിയില്‍ എത്തിയതിന് ശേഷമാണ് രൂക്ഷമായത്. ഈ പ്രശ്നം 200ന്റെ നോട്ട് വന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ആര്. ബി. ഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പുതിയ 200 രൂപാ നോട്ട് മിസ്സിംഗ് മിഡില്‍ ആണെന്ന് വിശേഷിപ്പിച്ചു. 200 നോട്ടിന് അനുസൃതമായി എ. ടി. എം മെഷീനുകള്‍ പുനക്രമീകരിച്ചതിന് ശേഷമേ എടിഎം വഴി പുതിയ നോട്ടുകള്‍ ലഭ്യമാകൂ.
