മിസ്റ്റര്‍ മോദി, രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണ്; കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയാന്‍ മാത്രമെ ബി.ജെ.പിക്ക് അറിയൂ: രാഹുല്‍ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing മിസ്റ്റര്‍ മോദി, രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണ്; കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയാന്‍ മാത്രമെ ബി.ജെ.പിക്ക് അറിയൂ: രാഹുല്‍ഗാന്ധി

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാരിന് ഒന്നും നിര്‍മ്മിക്കാന്‍ കഴില്ലെന്നും കാലങ്ങളായുള്ള അധ്വാനത്തിന്‍റെ ഫലമായി കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനൊപ്പം സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വിദഗ്ധ അഭിപ്രായങ്ങളുടെ പത്രഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ജി.ഐ.എഫും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ബ്രിട്ടണും അമേരിക്കയുമാണ് ഇന്ത്യയെ പിന്തള്ളി മുന്‍പന്തിയിലെത്തിയത്. നേരത്തെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കഴിവില്ലാത്തവര്‍ എന്ന് വിളിച്ചുകൊണ്ട് രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയതായും മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു

രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍. ‘മിസ്റ്റര്‍ മോദി, രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണ്. തുരങ്കത്തിന്‍റെ അവസാനത്തില്‍ വെട്ടമില്ലെന്ന് തോന്നുന്നു. നിങ്ങളുടെ കഴിവുകെട്ട കേന്ദ്രധനമന്ത്രി പറയുന്നത് അവിടെ വെളിച്ചമുണ്ടെന്നാണ്. എന്നെ വിശ്വസിക്കൂ, ഇത് സാമ്പത്തിക മാന്ദ്യം അതിന്‍റെ മുഴുവന്‍ വേഗതയിലും വരുന്നതാണ്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

0Shares