മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം; അന്വേഷണം സി.ബി.ഐക്ക് നല്‍ണമെന്ന ആവശ്യവുമായി കുടുംബം; അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കും

  • Post category:news
  • Reading time:1 min read
You are currently viewing മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം; അന്വേഷണം സി.ബി.ഐക്ക് നല്‍ണമെന്ന ആവശ്യവുമായി കുടുംബം; അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കും

പിറവം: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പട്ട അന്വേഷണം സി.ബി.ഐക്ക് നല്‍ണമെന്ന ആവശ്യവുമായി കുടുംബം. കേസ് സി.ബി.ഐക്ക് വിടുന്നതില്‍ അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും കുടുംബം അറിയിച്ചു. ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ കടുത്ത അതൃപ്തി ഉണ്ടായതിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിടാന്‍ കുടുംബം അനുമതി തേടുന്നത്. ഇതുവരെയുള്ള കേസ് അന്വേഷണത്തില്‍ കുടുംബത്തിന്റെ സംശയങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ആയിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കാണാതായ മിഷേല്‍ ഷാജി വര്‍ഗീസിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം വൈകിട്ടാണ് കൊച്ചി കായലില്‍ നിന്ന് കണ്ടെത്തിയത്. സംഭവം ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും മിഷേലിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. സംശയങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ കേസ് അവസാനിപ്പിക്കുകയാണ് ക്രൈംബ്രാഞ്ചെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. കലൂര്‍ പള്ളിയില്‍ വച്ച് ബൈക്കില്‍ മിഷേലിനെ പിന്തുടര്‍ന്നെന്ന് സംശയിക്കുന്ന രണ്ട് പേരുടെ വീഡിയോ ദൃശ്യങ്ങളുണ്ടായിട്ടും പോലീസിന് ഇവരെ കണ്ടെത്താനായില്ല.

നാല്‍പ്പതടിയോളം താഴ്ച്ചയിലേക്ക് പാലത്തില്‍ നിന്ന് ചാടിയെന്നും മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്നെന്നും പറയുമ്പോഴും മിഷേലിന്റെ മൃതദേഹത്തില്‍ കാര്യമായ പരിക്കുകളില്ലായിരുന്നു എന്നത് ദുരൂഹതയുണ്ടാക്കുന്നുവെന്ന് കുടുംബം പറയുന്നു.

0Shares