
തിരുവനന്തപുരം: മാസം 40,000 രൂപയോളം ശമ്പളം വാങ്ങുന്ന കൊല്ലം ഇരവിപുരം എം.എല്‍.എ. എം. നൌഷാദ് റേഷന്‍പട്ടികയില്‍ അരി സൗജന്യമായി കിട്ടുന്ന ബി.പി.എല്‍. വിഭാഗത്തില്‍. ശമ്പളവും ആനുകൂല്യങ്ങളുമുള്ള വനംമന്ത്രി കെ. രാജു സബ്‌സിഡിക്കര്‍ഹതയുള്ള വിഭാഗത്തില്‍. ഇതാണ് കേരളത്തിലെ ഭക്ഷ്യവകുപ്പിന്റെ കാര്യക്ഷമത.
പട്ടിക തയ്യാറാക്കുമ്പോള്‍ രാജു മന്ത്രിയാണ്. മന്ത്രി രാജുവിന്റെ ഭാര്യയാണ് കാര്‍ഡ് ഉടമ. ഇവര്‍ ജലസേചന വിഭാഗത്തില്‍നിന്ന് സൂപ്രണ്ടിങ് എന്‍ജീനിയറായി വിരമിച്ചതാണ്. കൂടാതെ മന്ത്രിക്ക് സ്ഥിരവരുമാനവും നാലുചക്രവാഹനവും ഉണ്ട്. എന്നിട്ടും മന്ത്രിയും കുടുംബവും ഇതില്‍ കടന്നുകൂടിയത് എങ്ങനെയെന്ന് അറിയില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.റേഷന്‍ വാങ്ങാത്തതിനാലാണ് ഇക്കാര്യം ഇതുവരെ ശ്രദ്ധിക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു.
മുന്‍ഗണനപ്പട്ടികയില്‍പ്പെട്ടവര്‍ക്കുള്ള പിങ്ക് കാര്‍ഡാണ് എം. എല്‍. എ.യുടെ കുടുംബത്തിനുള്ളത്. ഭക്ഷ്യവകുപ്പ് റേഷന്‍ മുന്‍ഗണനപ്പട്ടിക തയ്യാറാക്കിയപ്പോള്‍ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്ക്, സഹകരണ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. 1000 ചതുരശ്ര അടി വീട്, നാലുചക്രവാഹനം, ഒരു ഏക്കറിലധികം ഭൂമി എന്നിവ ഉള്ളവരെയും ഒഴിവാക്കിയിരുന്നു. ഇത്തരക്കാരെ സബ്‌സിഡിക്കര്‍ഹരായ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരുന്നില്ല.പിന്നെ ഇത്തരത്തില്‍ ഒരു പിഴവ് എങ്ങിനെ സംഭവിച്ചു എന്ന ചോദ്യത്തിന് മുന്നില്‍ കൈമലര്‍ത്തുകയാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍.
