ഡല്‍ഹി: ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ധനസഹായം. ആറ് ലക്ഷം രൂപയാണ് താരം ഈ കുടുംബങ്ങള്‍ക്കായി ചിലവാക്കുക. നമ്മുടെ സുരക്ഷയ്ക്കായി ജീവന്‍ പണയപ്പെടുത്തിയ ധീരജവാന്മാര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും അവര്‍ക്കു നേരിട്ട ദുരന്തത്തില്‍ വേദനയുണ്ടെന്നും ആ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരാനാണ് ആറു ലക്ഷം ആശ്വാസധനമായി നല്‍കുന്നതെന്നും സൈന പറഞ്ഞു.

‘അവരുടെ ജീവന്‍ ഇനി തിരിച്ചു ലഭിക്കില്ല. എങ്കിലും അവരുടെ കുടുംബത്തിനു ചെറിയ ആശ്വാസം പകരാനാണു തന്റെ ശ്രമമെന്നും സൈന വ്യക്തമാക്കി. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 12 ജവാന്മാരുടെ കുടുംബങ്ങള്‍ക്കാണ് പണം നല്‍കുക. ഓരോ ജവാന്മാരുടെയും കുടുംബത്തിനും 50,000 രൂപ വീതം നല്‍കും. കഴിഞ്ഞ ദിവസം ബോളിവുഡ് താരം അക്ഷയ് കുമാറും ഛത്തീസ്ഗഢ് ഏറ്റുമുട്ടലില്‍ മരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒമ്പത് ലക്ഷം രൂപ വീതം വിതരണം ചെയ്തിരുന്നു.