മാറ്റത്തിന്‍റെ വഴിയേ കേരളം; ജാതി,മത കോളങ്ങള്‍ പൂരിപ്പിക്കാതെ സ്കൂളുകളില്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം കുട്ടികള്‍; ഏറ്റവുമധികം കുട്ടികള്‍ ജാതിയും മതവും രേഖപ്പെടുത്താതെ പഠിക്കുന്നത് കണ്ണൂര്‍ ജില്ലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മാറ്റത്തിന്‍റെ വഴിയേ കേരളം; ജാതി,മത കോളങ്ങള്‍ പൂരിപ്പിക്കാതെ സ്കൂളുകളില്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം കുട്ടികള്‍; ഏറ്റവുമധികം കുട്ടികള്‍ ജാതിയും മതവും രേഖപ്പെടുത്താതെ പഠിക്കുന്നത് കണ്ണൂര്‍ ജില്ലയില്‍

 

തിരുവനന്തപുരം: കേരളത്തില്‍ ജാതി മതരഹിത വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചു.സംസ്ഥാനത്ത് മതവും ജാതിയും പൂരിപ്പിക്കാത്ത ഒന്നേ കാല്‍ ലക്ഷം കുട്ടികളാണ് ഇത്തവണ സ്‌കൂള്‍ പ്രവേശനം നേടിയത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ വിദ്യഭ്യാസമന്ത്രി നിയമസഭയില്‍ അറിയിക്കുകയായിരുന്നു. 9,029 എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള കണക്കാണിത്.

ഒന്നുമുതല്‍ പത്തുവരെ 1,23,630 കുട്ടികളും ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷത്തില്‍ 278 കുട്ടികളും രണ്ടാം വര്‍ഷം 239കുട്ടികളും ജാതി,മത കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം കുട്ടികള്‍ ജാതിയും മതവും രേഖപ്പെടുത്താതെ സ്‌കൂളുകളില്‍ പഠിക്കുന്നത്.

ജാതി വെറി ഇല്ലാതെ ജീവിക്കുക എന്ന ഉദ്ദേശത്തോടെ നമുക്ക് ജാതിയില്ല എന്ന പേരില്‍ സര്‍ക്കാര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജാതിവിരുദ്ധ നിലപാടുകള്‍ സൂക്ഷിക്കുന്ന ഒരു വലിയവിഭാഗം കേരളത്തിലുണ്ടെന്ന് തെളിയിക്കുന്നതാണ് സ്‌കൂളുകളില്‍ ജാതി,മത കോളങ്ങള്‍ പൂരിപ്പിക്കാതെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം സൂചിപ്പിക്കുന്നത്.

ജാതിയുടെയും മതത്തിന്‍റെയും പേരില്‍ കലാപങ്ങളും കൊലകളും നടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജാതി-മത ഭേദമില്ലാതെ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ വളരുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ ആഴ്ച്ചയാണ് മലപ്പുറം അരീക്കോട്ട് ദുരഭിമാനത്തിന്‍റെ പേരില്‍ അച്ഛന്‍ മകളെ അതി ക്രൂരമായി കൊലപ്പെടുത്തിയത്. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് പിന്നാലെ സഭയില്‍ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച കണക്കുകള്‍ കേരളം മാറുന്നതിന്‍റെ സൂചന നല്‍കുന്നു.

0Shares