
സാങ്കേതിക സര്‍വ്വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ ഇടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചട്ടവിരുദ്ധമായി മാര്‍ക്ക് നല്‍കി വിദ്യാര്‍ത്ഥിക്ക് ബിരുദം അനുവദിച്ച നടപടി തെറ്റാണ്. തെറ്റ് തിരിച്ചറിഞ്ഞ സര്‍വ്വകലാശാല അതു തിരുത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ വിവാദം ഇവിടെ അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ വാക്കുകള്‍:
സിന്‍ഡിക്കേറ്റാണ് വിഷയത്തില്‍ തീരുമാനം എടുത്തത്. ആ തീരുമാനം അവരിപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. സര്‍വകലാശാലയും ചട്ടവിരുദ്ധമായി നല്‍കിയ ബിരുദസര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാന്‍ വേണ്ട നടപടി ആരംഭിച്ചിട്ടുണ്ട്.ഇതോടെ ഈ വിവാദം ഇവിടെ അവസാനിക്കുകയാണ്.
കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരുടെ യോഗം ഞാന്‍ 16-ാം തീയതി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തിനുള്ള അന്തസും വിശ്വാസ്യതയും തകരാന്‍ ഞാന്‍ സമ്മതിക്കില്ല. ഇപ്പോഴുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് വൈസ് ചാന്‍സലര്‍മാരുടെ യോഗം ചര്‍ച്ച ചെയ്യും.
വിദ്യഭ്യാസരംഗത്ത് കേരളം രാജ്യത്ത് നമ്പര്‍ വണ്‍ ആണ്. ആ വിശ്വാസ്യതയും അന്തസും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ട്. അതെനിക്ക് മാത്രമല്ല വൈസ് ചാന്‍സലര്‍മാര്‍ക്കുമുണ്ട്. കേരളത്തിന്‍റെ വിദ്യാഭ്യാസമോഡല്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒന്നാണ്. അതിനെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്.
