
സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം ബഷീര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍റെ കാറിടിച്ച് കൊല്ലപ്പെട്ടിട്ട് രണ്ട് മാസം തികയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. തിരുവനന്തപുരത്ത് വെച്ച് ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കട്ടരാമന്‍റെ കാറിടിച്ച് കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കട്ടരാമന്‍ അമിതവേഗതയിലാണ് കാറോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.
പ്രത്യേക അന്വേഷണ സംഘം ആദ്യഘട്ടത്തില്‍ നടത്തിയ തെളിവെടുക്കലിനും രഹസ്യമൊഴി രേഖപ്പെടുത്തലിനും ശേഷം കേസന്വേഷണം മരവിച്ച അവസ്ഥയിലാണ്. ഫോറന്‍സിക് വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, ഫോക്‌സ് വാഗണ്‍ കമ്പനി എന്നിവരുടെ റിപ്പോര്‍ട്ടുകളാണ് കുറച്ചുനാളായി പ്രത്യേക അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. അപകട സമയത്ത് ബഷീറിന്‍റെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഈ ഫോണ്‍പോലും കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല.

അപകടം നടന്ന സമയത്ത് സംഭവസ്ഥലത്തെത്തിയ മ്യൂസിയം പോലീസ് കാറോടിച്ച ശ്രീറാമിനെ തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ പേരോ കൂടെയുണ്ടായിരുന്ന സുഹൃത്തിന്‍റെ പേരോ പരാമര്‍ശിക്കാതെയാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ബോധ്യമായതിനെ തുടര്‍ന്ന് മ്യൂസിയം ക്രൈം എസ്.ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മദ്യപിച്ചുവെന്ന സംശയമുണ്ടായിട്ടും ശ്രീറാം വെങ്കട്ടരാമനെ മെഡിക്കല്‍ പരിശോധന നടത്താന്‍ പൊലീസും തയ്യാറായില്ല.
പിന്നീട് ഒമ്പത് മണിക്കൂര്‍ കഴിഞ്ഞാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാമിന്‍റെ രക്തം പരിശോധിച്ചത്. കേസിന്‍റെ തുടക്കം മുതല്‍ ശ്രീറാം വെങ്കട്ടരാമനെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചത്. സംഭവം നടന്ന് രണ്ട് മാസമായിട്ടും അന്വേഷണം എങ്ങുമെത്താത്തതും ബഷീറിന്‍റെ ഫോണ്‍ പോലും കണ്ടെത്താനാകാത്തതും അതിന്‍റെ ബാക്കിപത്രമാണ്.
