മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ ഫോണ്‍ അപകടത്തിന് ശേഷം ആരോ ഉപയോഗിച്ചു; ശ്രീറാമിന്‍റെ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളി സിറാജ് മാനേജ്‌മെന്റ്

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ ഫോണ്‍ അപകടത്തിന് ശേഷം ആരോ ഉപയോഗിച്ചു; ശ്രീറാമിന്‍റെ  കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളി സിറാജ് മാനേജ്‌മെന്റ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍റെ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളി സിറാജ് മാനേജ്‌മെന്റ്. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് സിറാജ് മാനേജര്‍ സെയ്ഫുദ്ദീന്‍ പറഞ്ഞു. ‘പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയത് തന്‍റെ ഭാഗം കേള്‍ക്കാതെയാണ്. പോലീസ് വീഴ്ചകളെ വെള്ളപൂശാനാണു ശ്രമം’

അപകടശേഷം മരിച്ച കെ.എം. ബഷീറിന്‍റെ ഫോണ്‍ കാണാതായതു ദുരൂഹമാണ്. ഫോണ്‍ നഷ്ടമായതിന് ഒരു മണിക്കൂര്‍ ശേഷം അത് ആരോ ഉപയോഗിച്ചു. ബഷീറിന്‍റെ ഫോണ്‍ കാണാതായ സംഭവത്തില്‍ അന്വേഷണം വേണമെന്നും സെയ്ഫുദ്ദീന്‍ ഹാജി ആവശ്യപ്പെട്ടു. ബഷീര്‍ മരിച്ചശേഷം സിറാജ് പത്രത്തിന്‍റെ മാനേജരുടെ മൊഴി വൈകിയതാണു രക്തപരിശോധന വൈകുന്നതിനു കാരണമായതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

നേരത്തെ ബഷീറിന്‍റെ മരണത്തില്‍ പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. മൊഴി നല്‍കാന്‍ വൈകിയത് കാരണം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറാജ് പത്രത്തിന്‍റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്‍റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്‍റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നുമാണ് വിശദീകരണം. സംഭവത്തില്‍ വാഹനാപകടം കൈകാര്യം ചെയ്തതില്‍ വീഴ്ചവരുത്തിയ മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രക്തപരിശോധന നടത്തുന്നതിലും എഫ്.ഐ.ആര്‍ രേഖപ്പെടുത്തുന്നതിലും എസ്.ഐ വീഴ്ച വരുത്തിയതായി വ്യക്തമായിരുന്നു. കേസന്വേഷണത്തില്‍ നിന്ന് മ്യൂസിയം സി.ഐയുടെ നേതൃത്വത്തിലെ സംഘത്തെ മാറ്റുകയും ചെയ്തിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷേഖ് ദര്‍ബേഷ് സാഹിബിന്‍റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്‍റെയും പോലീസിന്‍റെയും സംയുക്തസംഘമാണ് കേസ് അന്വേഷിക്കുന്നത്.

0Shares