
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തെളിവു നശിപ്പിക്കാന്‍ ശ്രീറാം ശ്രമം നടത്തിയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസിന്‍റെ തുടക്കം മുതല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമിച്ചു. ആദ്യം വാഹനമോടിച്ചത് താനല്ലെന്ന് വരുത്താന്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ജനറല്‍ ആശുപത്രിയിലും കിംസിലും രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടും പോലീസിന്‍റെ കണ്ണുവെട്ടിച്ച് കിംസിലേക്ക് പോയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
