
ന്യൂഡല്‍ഹി: ‘വിദ്വേഷ പ്രചരണം നടത്തുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും’ ചെയ്യുന്ന ടെലിവിഷന്‍ അവതാരകര്‍ക്കും എഡിറ്റര്‍മാര്‍ക്കുമെതിരെ നടപടി സ്വീകരിക്കാത്ത മാധ്യമ കമ്പനികളെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പ് മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ വെബ്‌സൈറ്റായ ഡെയിലിഒയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ അംഗ്ഷുകാന്ത ചക്രബര്‍ത്തിക്കെതിരെയാണ് നടപടിയുണ്ടായത്. ”ഞാന്‍ രാജിവെക്കില്ല എന്നു തീരുമാനിച്ചു. കാരണം അതിനു മാത്രമുള്ള തെറ്റ് ഞാന്‍ ചെയ്തിട്ടില്ല.” അംഗ്ഷുകാന്ത പറഞ്ഞു. തുടര്‍ന്ന് പിരിച്ചു വിട്ടതായി അറിയിക്കുകയായിരുന്നു.

അംഗ്ഷുകാന്ത മാധ്യമ കമ്പനികളെ വിമര്‍ശിച്ചത് ട്വിറ്ററിലൂടെയാണ്. മാധ്യമ കമ്പനികള്‍ക്കെതിരെയുള്ള ട്വീറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗ്ഷുകാന്ത വിസമ്മതിച്ചു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച തന്നെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയെന്ന് അംഗുഷ്‌കാന്ത അറിയിച്ചത്. ‘ഇതാണ് മാധ്യമങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതുകൊണ്ടാണ് ഞാന്‍ അങ്ങനെ എഴുതിയത്. അല്ലാതെ തന്റെ ട്വീറ്റ് ഏതെങ്കിലും ഒരു സ്ഥാപനത്തെ പ്രത്യേകമായി ലക്ഷ്യം വെച്ചു പോസ്റ്റ് ചെയ്തതല്ല’ – അംഗ്ഷുകാന്ത പറഞ്ഞു.
താന്‍ തെറ്റ് ചെയ്തതായി തോന്നുന്നില്ല എന്നതുകൊണ്ടാണ് ട്വീറ്റ് പിന്‍വലിക്കാനുള്ള മാനേജ്‌മെന്റിന്റെ ആവശ്യം നിരസിച്ചത്. ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാനേജ്‌മെന്റ് വിളിച്ചുചേര്‍ത്ത രണ്ട് യോഗങ്ങളില്‍ അംഗ്ഷുകാന്ത ചക്രബര്‍ത്തി പങ്കെടുത്തിരുന്നു. തിങ്കളാഴ്ച കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സ് വിങില്‍ നിന്ന് വിളിക്കുകയും ട്വീറ്റ് പിന്‍വലിക്കുക, രാജിവെക്കുക, അല്ലെങ്കില്‍ പിരിച്ചുവിടലിന് വിധേയയാവുക എന്നീ മൂന്നു നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയുമായിരുന്നു.
