
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.
അപകടം വരുത്തിവെച്ച കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ട രാമന്‍ ആണെന്ന സൂചന നല്‍കുന്നതാണ് റിപ്പോര്‍ട്ട്. ഡ്രൈവിങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സ്റ്റിയറിങ്ങില്‍ നിന്നുള്ള വിരലയടയാളം വ്യക്തമല്ല. ലെതര്‍ കവറിലെ അടയാളവും വ്യക്തമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം അപകടത്തിന് ശേഷം കാണാതായ ബഷീറിന്‍റെ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മൊബൈലിന്‍റെ ഐ.എം.ഇ.എ നമ്പര്‍ ഉപയോഗിച്ച് അന്നേദിവസം മൊബൈല്‍ സഞ്ചരിച്ചിരുന്ന റൂട്ട് ഇതിനോടകം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ എല്ലാ മൊബൈല്‍ സേവനദാതാക്കള്‍ക്കും പ്രത്യേകം അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. അപകടം കഴിഞ്ഞ 18 ദിവസം കഴിയുമ്പോഴും സംഭവസ്ഥലത്തുനിന്നും നഷ്ടപ്പെട്ട ബഷീറിന്റെ മൊബൈലിനെക്കുറിച്ച് യാതൊരുവിധ തുമ്പും ലഭിക്കാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ബഷീറിന്‍റെ കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച് റിട്ട എസ്.പി ജോര്‍ജ് ജോസഫ് രംഗത്തെത്തിയിരുന്നു. ബഷീറിന്‍റെ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ആരോപണം.
