കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായരും മീ ടൂ വില്‍ കുടുങ്ങി. ലൈംഗിക ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ‘ദ ഹിന്ദു’ പത്രത്തിന്റെ റസിഡന്റ് എഡിറ്ററായ ഗൗരീദാസന്‍ നായര്‍ അവധിയില്‍ പ്രവേശിച്ചു. രാജിക്കത്ത് പരിഗണനയിലിരിക്കെയാണ് അവധി. അദ്ദേഹം ഡിസംബറില്‍ വിരമിക്കാനിരിക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ യാമിനി നായരാണ് ഗൗരീദാസന്‍ നായരുടെ പേരു വെളിപ്പെടുത്താതെ ആരോപണമുന്നയിച്ചത്. 13 വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നോട് ഒരാള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു അവര്‍ ബ്ലോഗില്‍ കുറിച്ചത്.
യാമിനി നായരുടെ ‘മീ ടൂ’ പോസ്റ്റിനെ ഗൗരവത്തോടെ കാണുന്നുവെന്ന് ഹിന്ദു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എന്‍. റാം ട്വിറ്ററില്‍ പ്രതികരിച്ചു. തന്റെ പേരുവെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആരോപണ വിധേയരായ മറ്റു പലരില്‍നിന്നും വ്യത്യസ്തമായി ഈ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സുരക്ഷിതനായി പറ്റിക്കൂടാനല്ല, രാജിവെക്കാനാണു തീരുമാനിച്ചതെന്ന് റാം ചൂണ്ടിക്കാട്ടി. ദയയില്ലാത്ത തീരുമാനമായിപ്പോയി പത്രത്തിന്റേതെന്ന് തന്റെ ട്വീറ്റിന് കീഴില്‍ കുറിച്ചവര്‍ക്കും റാം കൃത്യമായ മറുപടി നല്‍കി. ആരോപണം വളരെ ഗൗരവമായാണ് തങ്ങള്‍ കണ്ടതെന്നും രണ്ട് പേരോടും പ്രതികരണമാരാഞ്ഞിട്ടുണ്ടെന്നും എന്‍ റാം ട്വിറ്ററില്‍ കുറിച്ചു.
മാധ്യമപ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായരും മീ ടൂ വില്‍ കുടുങ്ങി; വിവാദമായതോടെ ഡിസംബറില്‍ വിരമിക്കാനിരിക്കേ അവധിയില്‍ പോയി