മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രൻ്റെ വീട്ടില്‍ മുഖംമൂടി സംഘത്തിൻ്റെ ആക്രമണം; ഹിന്ദി സംസാരിച്ചെത്തിയ സംഘം 25 പവനും പണവും കവര്‍ന്നു

  • Post category:news
  • Reading time:1 min read
You are currently viewing മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രൻ്റെ  വീട്ടില്‍ മുഖംമൂടി സംഘത്തിൻ്റെ  ആക്രമണം; ഹിന്ദി സംസാരിച്ചെത്തിയ സംഘം 25 പവനും പണവും കവര്‍ന്നു

കണ്ണൂര്‍: താഴെചൊവ്വയില്‍ മാധ്യമ പ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് പണവും ആഭരണവും കവര്‍ന്നു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്ററും കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ടുമായിരുന്ന കെ. വിനോദ് ചന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വിനോദിനെയും ഭാര്യ സരിതയേയും കെട്ടിയിട്ട ശേഷം വീട് കൊള്ളയടിക്കുകയായിരുന്നു.വാഹനത്തിലെത്തിയ നാലംഗ സംഘം മുന്‍വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. ശബ്ദം കേട്ടത്തിയ വിനോദിനെയും ആക്രമിച്ച് ഇരുവരുടെയും കൈ കാലുകള്‍ കെട്ടിയിട്ടു. പിന്നീട് വായ മൂടിക്കെട്ടിയാണ് മോഷണം നടത്തിയത്. വീട്ടിലെ 25 പവന്‍ സ്വര്‍ണ്ണവും 15,000 രൂപയും കൂടാതെ എ.ടി.എം കാര്‍ഡ്, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകളും ഗൃഹോപകരണങ്ങളും കൊള്ളയടിച്ചിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ഫോണ്‍ വിളിച്ച് വാഹനം വരുത്തിയാണ് സംഘം രക്ഷപ്പെട്ടത്. സംഘം ഹിന്ദിയില്‍ ആണ് സംസാരിച്ചതെന്ന് വിനോദ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി.മോഷ്ടാക്കള്‍ പോയ ശേഷം പുലര്‍ച്ചെ നാലു മണിയോടെ വിനോദ് ചന്ദ്രന്‍ കെട്ടുകള്‍ സ്വയം അഴിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴുത്തിനും മുഖത്തും പരിക്കേറ്റ വിനോദ് ചന്ദ്രനും സരിതയും കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയില്‍ പോലിസാണ് എത്തിച്ചത്. ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം വീട്ടിലെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. നഗരത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു വരികയാണ്. കാസര്‍കോട് കൊളത്തൂര്‍ വിരിക്കുളം സ്വദേശിയാണ് വിനോദ് ചന്ദ്രന്‍.

0Shares