ലണ്ടന്‍: വികാരപ്രകടനവും ഹൃദയം പകരുന്ന പെരുമാറ്റ ഭാവങ്ങളും മനുഷ്യസഹജമാണ് എന്ന ധാരണ തിരുത്തിയെഴുതുകയാണ് ഒരു ആള്‍ക്കുരങ്ങ്. മനുഷ്യരെപ്പോലെ പക്ഷിമൃഗാദികള്‍ക്കും സങ്കടവും സന്തോഷവുമൊക്കെയുണ്ട് എന്നുള്ളത് ഒരു യാഥാര്‍ഥ്യമത്രേ. മനുഷ്യന്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതുപോലെ മൃഗങ്ങളും അവരുടേതായ രീതിയില്‍ ഇവയൊക്കെ പുറത്തു കാണിക്കുക പതിവാണ്. ഈയിടെ ഇംഗ്ലണ്ടിലെ ഒരു മൃഗശാലയില്‍ നടന്ന കൗതുകം നിറഞ്ഞ സംഭവം മൃഗങ്ങളിലെ വികാരവിചാരങ്ങളുടെ ബഹിര്‍സ്ഫുരണത്തിന്റെ സാക്ഷ്യപത്രമാണ്.

മൃഗശാല സന്ദര്‍ശിക്കാന്‍ എത്തിയ ഒരു യുവതിയുടെ അനുഭവം നോക്കൂ…പൂര്‍ണ ഗര്‍ഭിണിയായ ആ യുവതിയുടെ നിറവയര്‍ കണ്ട ഒരു ആള്‍ക്കുരങ്ങ് നടത്തിയ സന്തോഷ പ്രകടനം ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഇത് ലോകമെമ്പാടുമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു. ഇംഗ്ലണ്ടിലെ കോള്‍ചെസ്റ്റര്‍ മൃഗശാല കാണാനെത്തിയ ദമ്പതികളെക്കണ്ടാണ് ഇവിടുത്തെ ഒരു ആള്‍ക്കുരങ്ങ് വികാരഭരിതനായത്. ആള്‍ക്കുരങ്ങിന്റെ കൂടിനു മുന്നിലെത്തിയ സ്തീയുടെ വയറിലേക്ക് കുരങ്ങ് ഏറെനേരം ആശ്ചര്യപൂര്‍വ്വം നോക്കിയിരുന്നു. സ്ത്രീ കൂടിനടുത്ത് ചേര്‍ന്ന് നിന്നപ്പോള്‍ ആള്‍കുരങ്ങ് ആ സുന്ദരിയുടെ വയറില്‍ സ്‌നേഹാര്‍ദ്രമായി പലവട്ടം ഉമ്മവച്ചു. സ്ത്രീ കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്നുണ്ടെന്നും ഉടന്‍ ആ കുഞ്ഞ് പുറത്തുവരുമെന്നും ആള്‍ക്കുരങ്ങ് മനസിലാക്കിയിട്ടാണ് സന്തോഷം കൊണ്ടുള്ള വികാര പ്രകടനം നടത്തിയതെന്നാണ് മൃഗശാലാ അധികൃതര്‍ പറഞ്ഞത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മനുഷ്യര്‍ക്കെന്ന പോലെ പക്ഷിമൃഗാദികള്‍ക്കും മാതൃത്വമെന്നത് അത്രമേല്‍ അനുഭൂതി സാന്ദ്രമായ അനുഭവം തന്നെയാണ്.
https://www.youtube.com/watch?v=2Tky2zAXgfI