ഗുവാഹത്തി: മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ക്ക് എട്ടിന്റെ പണിവരുന്നു. സര്‍ക്കാര്‍ ജീവനക്കാരായ മക്കളുടെ ശമ്പളത്തില്‍ നിന്നും പത്ത് ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് അസം സര്‍ക്കാര്‍. മാതാപിതാക്കള്‍ക്കും അതുപോലെ തന്നെ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സഹോദരങ്ങള്‍ക്കും സംരക്ഷണം നല്‍കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും വെട്ടിക്കുറക്കാനുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് അസം നിയമസഭയില്‍ അവതരിപ്പിച്ചത്. അസം എംപ്ലോയീസ് പേരന്റ്സ് റെസ്പോണ്‍സിബിലിറ്റി ആന്റ് നോംസ് ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് മോണിറ്ററിംഗ് ബില്‍ 2017എന്നാണ് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ പേര്. ഇത്തരത്തില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുക മാതാപിതാക്കളെ കണ്ടു പിടിച്ച് അവര്‍ക്ക് തന്നെ നല്‍കും. ഈ ബില്‍ നിലവില്‍ വരുന്നതോടെ മാതാപിതാക്കളെ സംരക്ഷിക്കാതെ വീടുകളില്‍നിന്നും മറ്റും ഇറക്കിവിടുന്ന സാഹചര്യങ്ങള്‍ കുറയുമെന്നാണ് അസം സര്‍ക്കാരിന്റെ പ്രതീക്ഷ
മക്കളില്‍ നിന്നും സംരക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് പല മാതാപിതാക്കളും വൃദ്ധസദനങ്ങളില്‍ താമസിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മാതാപിതാക്കള്‍ക്ക് ശരിയായ രീതിയിലുള്ള സംരക്ഷണം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് ഇതെന്നും മറിച്ച് സര്‍ക്കാര്‍ ജനങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടപെടുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കള്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനാണ് പരാതി നല്‍കേണ്ടത്. പരാതിയെക്കുറിച്ച് അന്വേഷിക്കുകയും, രണ്ട് വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം പിഴ ഈടാക്കുകയും ചെയ്യാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ബില്‍ അവതരിപ്പിക്കുന്നത്. സഭയില്‍ ബില്ലിന് അംഗങ്ങള്‍ പൂര്‍ണ പിന്തുണയാണ് നല്‍കിയത്.
മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത അസമിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണിവരുന്നു; ശമ്പളത്തില്‍ നിന്ന് പത്തുശതമാനം വെട്ടിക്കുറക്കും