മഹാസഖ്യത്തിൽ സീറ്റ് നല്‍കാതെ അവഗണിച്ച ആര്‍.ജെ.ഡിക്ക് ബിഹാറില്‍ ഇടതുപാര്‍ട്ടികൾ നൽകിയ മറുപടിയുടെ പേരാണ് കനയ്യ കുമാർ

  • Post category:news
  • Reading time:1 min read
You are currently viewing മഹാസഖ്യത്തിൽ സീറ്റ് നല്‍കാതെ അവഗണിച്ച ആര്‍.ജെ.ഡിക്ക് ബിഹാറില്‍ ഇടതുപാര്‍ട്ടികൾ നൽകിയ മറുപടിയുടെ പേരാണ് കനയ്യ കുമാർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ബെഗുസാരായ് മണ്ഡലത്തില്‍ ഇടതുപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി സി.പി.ഐയുടെ കനയ്യ കുമാര്‍ തന്നെ. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റായ കനയ്യ കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണക്കുന്നതായി മുന്‍പ് അറിയിച്ച ആര്‍.ജെ.ഡി, ഇപ്പോള്‍, തങ്ങള്‍ കനയ്യയുടെ പേര് പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. പ്രതിപക്ഷ മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി 20 സീറ്റ്, കോണ്‍ഗ്രസ് 9, ആര്‍.എല്‍.എസ്പി 5, എച്ച്എ.എം 3, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി മൂന്ന് എന്നിങ്ങനെയാണ് മഹാസഖ്യത്തിന്‍റെ സീറ്റ് വിഭജനം.

ഇതില്‍ സി.പി.ഐയ്ക്കും സി.പി.എമ്മിനും ഒരു സീറ്റ് പോലും പ്രതിപക്ഷ മഹാസഖ്യം നല്‍കിയില്ല. അതേസമയം സി.പി.ഐ.എം.എല്ലിന് ആര്‍.ജെ.ഡി ചിഹ്നത്തില്‍ മത്സരിക്കാന്‍ ഒരു സീറ്റ് വിട്ടുകൊടുത്തു.
മണ്ഡലത്തില്‍ ആര്‍.ജെ.ഡി പിന്തുണക്കുമെങ്കില്‍ പ്രതിപക്ഷത്തിന്‍റെ പൊതുപിന്തുണയുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന് കനയ്യ കുമാര്‍ കഴിഞ്ഞ വര്‍ഷം തന്നെ പറഞ്ഞിരുന്നു. ആ സമയം ആര്‍.ജെ.ഡി കനയ്യയെ പിന്തുണക്കുകയും ചെയ്തു. പക്ഷെ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.

തങ്ങളെ പാടെ അവഗണിച്ചുകൊണ്ടുള്ള മഹാസഖ്യത്തിന്‍റെ സീറ്റ് വിഭജനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഇടതുപാര്‍ട്ടികള്‍ രംഗത്തെത്തിയത്. ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലമെന്ന നിലയിലും കനയ്യ കുമാറിനോട് തേജസ്വി യാദവിനുള്ളതായി പറയപ്പെടുന്ന അതൃപ്തിയുമാണ് സീറ്റ് നല്‍കാതിരുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.കൂടാതെ കനയ്യയുടെ ഭൂമിഹാര്‍ സമുദായത്തിന്‍റെ പിന്തുണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനാണ് ലഭിക്കുക എന്ന് ആര്‍.ജെ.ഡി കരുതുന്നു. നിലവില്‍ ബെഗുസാരായില്‍ ആര്‍.ജെ.ഡിയുടെ തന്‍വീര്‍ ഹസനാണ് ഇത്തവണ മഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി.

0Shares