മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന പാർട്ടികൾ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കി

  • Post category:news
  • Reading time:1 min read
You are currently viewing മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന പാർട്ടികൾ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ഇന്ന് ഗവര്‍ണറുമായി നടത്താനിരുന്ന സംയുക്ത കൂടിക്കാഴ്ചയില്‍ നിന്ന് മൂന്ന് പാര്‍ട്ടികളും പിന്മാറി. കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന പാര്‍ട്ടി പ്രതിനിധികളാണ് ഇന്ന് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യോഗം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.

പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായ സാഹചര്യത്തിലാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍.സി.പി – ശിവസേന നേതാക്കള്‍ ഒരുമിച്ച് വൈകീട്ട് മൂന്ന് മണിക്ക് ഗവര്‍ണറെ കാണുമെന്ന് പ്രഖ്യാപിച്ചത്. കര്‍ഷക പ്രശ്‌നങ്ങളില്‍ ഗവര്‍ണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്നാല്‍ നേരത്തെ ഇതേ ആവശ്യത്തില്‍ ഗവര്‍ണറെ കണ്ട പാര്‍ട്ടികള്‍ ഇപ്പോള്‍ പോവുന്നത് സഖ്യസാധ്യത അറിയിക്കാനും സാവകാശം തേടാനുമാണെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

പൊതു മിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപം നല്‍കാന്‍ സോണിയാ ഗാന്ധിയും പവാറും നാളെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയില്‍ എന്‍.സി.പി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ ഭരിക്കുമെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സഖ്യസര്‍ക്കാര്‍ ആറുമാസം പോലും ഭരണത്തില്‍ തുടരില്ലെന്ന മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു പവാര്‍.

മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരില്‍ എന്‍.ഡി.എയില്‍ നിന്ന് പുറത്തുവന്ന ശിവസേനയുടെ അന്തസ് സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അതിനാല്‍ മുഖ്യമന്ത്രി അവരുടേതായിരിക്കുമെന്നും മുതിര്‍ന്ന എന്‍.സി.പി നേതാവ് നവാബ് മാലിക്കും പറഞ്ഞിരുന്നു.

0Shares