
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ബി.ജെ.പി. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ഗവര്‍ണറെ അറിയിച്ചു. ഭൂരിപക്ഷമില്ലെന്നും, ശിവസേന എന്‍.സി.പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ബി.ജെ.പി അറിയിച്ചു. അതേ സമയം ബി.ജെ.പി പിന്മാറിയ സാഹചര്യത്തില്‍ ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കേണ്ടി വരും. കോണ്‍ഗ്രസ് എന്‍.സി.പി സഖ്യവുമായി ശിവസേന ചര്‍ച്ചകള്‍ സജീവമാക്കി. നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശിവസേനയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി ക്ഷണിച്ചത്. നാളെ രാത്രി 8 മണിക്ക് മുന്നേ ഭൂരിപക്ഷം തെളിയിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്നാണ് ബി.ജെ.പി തീരുമാനം. ഇന്ന് മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി മീറ്ററിങ്ങിലാണ് തീരുമാനം. ഇക്കാര്യം ഗവര്‍ണറെ അറിയിക്കുകയും ചെയ്തു.
ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചെന്നും എന്നാല്‍ ശിവസേനക്ക് സഖ്യമുണ്ടാക്കാന്‍ താല്പര്യമില്ല. ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്നും ബി.ജെ.പി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
