
മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയെസ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിധി ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലാണെന്ന് എന്‍.സി.പി നേതാവ് നവാബ് മാലികും പ്രതികരിച്ചു.

ബി.ജെ.പി.യുടെ കളികള്‍ അവസാനിച്ചെന്നും ബുധനാഴ്ച നടക്കുമെന്ന വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി വിധി. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ സുതാര്യമാകണമെന്ന് പറഞ്ഞ കോടതി, വോട്ടെടുപ്പ് നടപടികള്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചു.
എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബി.ജെ.പി സുപ്രീം കോടതിയില്‍ എടുത്തത്. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
