മുംബൈ: മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ പത്തോളം പ്രമുഖ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം പങ്കിടുന്ന ബി.ജെ.പി യും
ശിവസേനയും നഗരസഭകളിലെ ആധിപത്യത്തിനായി പരസ്പരം പോരാടുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

മുംബൈയ്ക്ക് പുറമെ താനെ. പൂണെ, ഉല്ലാസ് നഗര്‍, സോളാപ്പുര്‍, നാഗ്പുര്‍, അകോള, അമരാവതി, നാസിക്, പിംപ്രി ചിഞ്ച് വാഡ് നഗരസഭകളിലേക്കാണ് തെരഞ്ഞെടുപ്പ്. നഗരസഭകള്‍ക്കൊപ്പം 11 ജില്ലാ പരിഷത്തുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്.

നഗരസഭകളിലെ 1268 സീറ്റുകളിലേക്ക് 9199 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 11 ജില്ലാ പരിഷത്തുകളിലേക്ക് 6367 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. 16 ജില്ലാ പരിഷത്തുകളിലേക്കുള്ള വോട്ടെടുപ്പ് ആദ്യഘട്ടമായ വ്യാഴാഴ്ചയായിരുന്നു. ഫെബ്രുവരി 23 നാണ് വോട്ടെണ്ണല്‍.