
രാജ്യമാകെ അയോധ്യാ വിധിയില്‍ ചര്‍ച്ച നടക്കവെ, മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ കാവല്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ചത്. തിങ്കളാഴ്ച രാത്രി എട്ടു മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാതെ തുടര്‍ന്നാല്‍ ബി.ജെ.പി വെട്ടിലാകും. ശിവസേന കൂടെ ഇല്ലെങ്കില്‍ ബി.ജെ.പിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ല. 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. എന്നാല്‍ ബി.ജെ.പിക്കുള്ളത് 105 സീറ്റ് മാത്രമാണ്. ശിവസേനയ്ക്കാവട്ടെ, 56 സീറ്റും. ദേവേന്ദ്ര ഫഡ്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന ബി.ജെ.പി നിലപാടും ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ മറ്റു വഴികള്‍ നോക്കുമെന്ന് പറഞ്ഞ ഉദ്ധവ് താക്കറെയുടെ നിലപാടുമാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
