
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ നാളെ ഹാജരാക്കണമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ടുള്ള ഫഡ്‌നവിസിന്‍റെ കത്ത്, ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്ത് കോടതിയില്‍ ഹാജരാക്കണം.
നാളെ രാവിലെ 10.30ന് കേസ് പരിഗണിക്കും മുന്‍പായി ഇവ ഹാജരാക്കണം. ഗവര്‍ണറുടെ തീരുമാനം ഭരണഘടന വിരുദ്ധമാണോയെന്നാണ് ഉയര്‍ന്നിരിക്കുന്ന ചോദ്യം എന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി. മഹാ വികാസ് അഖാഡിയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, അജിത് പവാര്‍ എന്നിവര്‍ക്ക് ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.

ഭൂരിപക്ഷം ഇല്ലാത്തവരെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത് ഭരണ ഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും കോടതിയെ സമീപിച്ചത്. ഇന്നലെ ഭൂരിപക്ഷം ഉണ്ടെന്ന് പറഞ്ഞവര്‍ ഇന്ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാകണം എന്നും കോണ്‍ഗ്രസ് എന്‍.സി.പി ശിവസേന പാര്‍ട്ടികള്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍, അഭിഷേക് സിംഗ്വി എന്നീ അഭിഭാഷകര്‍ വാദിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുള്ള ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമാണോ എന്നതടക്കം പരിശോധിക്കാനുള്ള കോടതി തീരുമാനം.
ഗവര്‍ണറുടെ തീരുമാനം ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് അല്ലെന്നും ഗവര്‍ണര്‍ക്ക് 361ആം അനുച്ഛേദത്തിന്‍റെ പരിരക്ഷ ഉണ്ടെന്നുമായിരുന്നു ചില ബി.ജെ.പി സ്വതന്ത്ര എം. എല്‍. എ മാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹതഗിയുടെ വാദം. എതിര്‍ കക്ഷികള്‍ക്ക് മറുപടി നല്‍കാന്‍ 2,3 ദിവസം നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എതിര്‍ കകക്ഷികള്‍ക്ക് നോട്ടിസ് ഇല്ലാത്തതിനാല്‍ അവരുടെ അഭിഭാഷകര്‍ എല്ലാം ഹാജര്‍ അല്ലെന്നും ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന് വേണ്ടി മാത്രമാണ് ഹാജരായിട്ടുള്ളത് എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയും അറിയിച്ചു.
