
മുംബൈ: മഹാരാഷ്ട്രയിലും ബിഹാറിലും വിശാലപ്രതിപക്ഷ സഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുൻപേ സി.പി.എം ഉണ്ടാകില്ലെന്ന് ഉറപ്പായി. വിജയിക്കാന്‍ സാധ്യതയുള്ള സീറ്റുകൾ നിഷേധിച്ചതിനാൽ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും പ്രതിപക്ഷ സഖ്യത്തിൽ നിന്ന് സിപിഎം പിൻമാറി. ഇവിടങ്ങളില്‍ സി.പി.എം ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ എൻ.സി.പി സി.പി.എമ്മിന് ദിൻഡോറി സീറ്റ് നിഷേധിച്ചു.

കോൺഗ്രസുമായുള്ള സീറ്റ് ചർച്ചയിൽ നാഷിക് ജില്ലയിലെ ദിൻഡോറി സീറ്റ് എൻ.സി.പിക്ക് നൽകാമെന്നായിരുന്നു ധാരണയായിരുന്നത്. പക്ഷെ വിജയസാധ്യതയുള്ള ഈ സീറ്റ് വേണമെന്ന് സി.പി.എം ആവശ്യപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷകമേഖലയിലുള്ള പ്രധാനസീറ്റുകളിലൊന്നാണ് ദിൻഡോറി. കഴിഞ്ഞ മൂന്ന് തവണയും ഇവിടെ ജയിച്ചത് ബി.ജെ.പിയാണ്.
അടുത്തിടെ നടന്ന ദേശീയ ശ്രദ്ധയാകര്‍ഷിച്ച കർഷകപ്രക്ഷോഭങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ കിസാൻ സഭയിലൂടെ സി.പി.എമ്മിന് ഇവിടെ നല്ല സ്വാധീനമുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി ഈ സീറ്റ് ചോദിച്ചത്. എന്നാൽ സീറ്റ് എൻ.സി.പിക്ക് തന്നെ നൽകാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇവിടെ ഒറ്റയ്ക്ക് മത്സരിക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. അതേപോലെ ബീഹാറിൽ ഉജിയാർപുർ സീറ്റും സി.പി.എമ്മിന് നൽകില്ലെന്ന് ആർ.ജെ.ഡി ഉറച്ച നിലപാടെടുത്തതോടെ അവിടെയും സഖ്യം പാളി. ബീഹാറിലും ഒറ്റയ്ക്ക് മത്സരിക്കാൻ സി.പി.എം തീരുമാനിച്ചു.
