മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പദയാത്ര; സംഘടിപ്പിക്കുന്നത് ബി.ജെ.പി; മറികടക്കാൻ സാധിക്കുമോ നാഥുറാം ഗോഡ്‌സെ- ആര്‍.എസ്.എസ് ബന്ധം?

  • Post category:news
  • Reading time:1 min read
You are currently viewing മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പദയാത്ര; സംഘടിപ്പിക്കുന്നത് ബി.ജെ.പി; മറികടക്കാൻ സാധിക്കുമോ നാഥുറാം ഗോഡ്‌സെ- ആര്‍.എസ്.എസ് ബന്ധം?

ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയ്ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് കാലങ്ങളായി ഉയരുന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി ബി.ജെ.പി. ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ബി.ജെ.പി രാജ്യത്തുടനീളം പദയാത്രകള്‍ നടത്തുമെന്ന് പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ.

ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണിത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി വരുംദിവസങ്ങളില്‍ നടത്തുമെന്നും ഷാ വ്യക്തമാക്കി. തന്‍റെ മണ്ഡലമായ ഗാന്ധിനഗറിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2022-ല്‍ നമ്മുടെ രാജ്യം 75-ാം സ്വാതന്ത്ര്യദിനവും ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവും ആഘോഷിക്കുകയാണ്. അതിന്‍റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ഏറ്റെടുക്കണം. പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 150 മണിക്കൂര്‍ നീളുന്ന പദയാത്ര രാജ്യത്തെ എല്ലാ ബൂത്തുകളിലും പ്രവര്‍ത്തകര്‍ നടത്തണം.’- അദ്ദേഹം പറഞ്ഞു.

ജാതീയതയെയും കുടുംബവാഴ്ചയെയും പ്രീണനരാഷ്ട്രീയത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി തുടച്ചുനീക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘അറുപതുകള്‍ക്കുശേഷം രാജ്യം ഈ മൂന്നു കാര്യങ്ങളിലൂന്നിയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ മൂന്ന് രാക്ഷസരുടെയും ശവപ്പെട്ടിയില്‍ മോദി അവസാന ആണിയും അടിച്ചു. പ്രവര്‍ത്തനത്തിന്‍റെ രാഷ്ട്രീയമെന്ന പുതിയ പാരമ്പര്യം അദ്ദേഹം ഇവിടെ കൊണ്ടുവന്നു’- ഷാ പറഞ്ഞു.

0Shares