ക്വാലാലമ്പൂര്‍: മലേഷ്യന്‍ സ്കൂളിലുണ്ടായ തീപിടുത്തത്തില്‍ വിദ്യാര്‍ഥികളടക്കം 25 പേര് മരിച്ചു. മലേഷ്യന്‍ തലസ്ഥാന നഗരത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം. തീപിടുത്തത്തില്‍ 23 കുട്ടികളും രണ്ട് വാര്ഡന്മാരുമാണ് മരിച്ചത്. താഹ്ഫിസ് ദാറുല്‍ ഖുറാന് ഇറ്റിഫാഖിയത്ത് എന്ന മതസ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നില പൂര്‍ണ്ണമായും കത്തി നശിച്ചതായാണ് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. മരിച്ചവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ് വെന്തനിലയിലാണ്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസ് രക്ഷആ പ്രവര്‍ത്തനത്തിന് നടത്തിവരുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ പുക തിങ്ങിയതോടെ ശ്വാസം കിട്ടാതെയാണ് പലരും മരിച്ചിട്ടുള്ളതെന്നാണ് സൂചന.
ആറ് കുട്ടികള്‍ക്കും ഒരു മുതിര്‍ന്നയാള്‍ക്കും തീപിടുത്തത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് ക്വാലാലമ്പൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പ് വ്യക്തമാക്കി. സംഭവത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ട്വീറ്റില്‍ അനുശോചനം അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ ഫയര്‍സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍എന്‍ജിനുകള്‍ സ്ഥലത്തെത്തി ഉടന്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മലേഷ്യയില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തീപിടുത്ത ദുരന്തമാണുണ്ടായത്. അപകടത്തില്‍ പെട്ട സ്കൂളിന് ലൈസന്‍സില്ലെന്നും സ്കൂളിന്റെ ഫിറ്റ്നസ് സര്ട്ടിഫിക്കറ്റിനെകുറിച്ച് റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി തെങ്കുഅദാന് പറഞ്ഞു. രാജ്യത്തെ 20 ശതമാന സ്കൂളുകളും പ്രാദേശിക മതസ്ഥാപനത്തിന്റെ പേരില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണെന്നും അതിനൊന്നും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
