
കണ്ണൂര്‍: കഴിഞ്ഞ ദിവസം തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശ ഏവരും കണ്ടിരിക്കും. വേദിയില്‍ അതിഥികളെ സ്വീകരിക്കാന്‍ എത്തിയ പെണ്‍കുട്ടികളില്‍ ഒരാളെ നിങ്ങള്‍ ശ്രദ്ധിച്ചുവോ? ഇതൊരു പുരസ്ക്കാര ചടങ്ങിലും വേഷം കെട്ടിയ പെണ്‍കുട്ടികള്‍ കാണികള്‍ക്ക് കാഴ്ച വിരുന്നൊരുക്കാന്‍ എത്തുന്ന കാലത്ത്, വ്യവസ്ഥാപിതമായ എല്ലാ രീതികളെയും വെല്ലുവിളിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി ആ വേദിയില്‍ ഉണ്ടായിരുന്നു. അവളുടെ പേരാണ് അനുശ്രീ. കണ്ണൂരിലെ കോളേജ് ഓഫ് കൊമേഴ്‌സില്‍ മൂന്നാം വര്‍ഷ വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയായ അനുവാണ് ഒരു പക്ഷെ, വിനായകന് പിന്നില്‍ ആ വേദിയില്‍ താരമായിരുന്നത്.
” എന്റെ അധ്യാപകനാണ് ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന മുയീന്‍ സര്‍. രണ്ട് ദിവസം മുമ്പ് സാര്‍ വിളിച്ചിട്ട് ഒരു സ്‌റ്റേജ് പ്രോഗ്രാം ഉണ്ട്. കോളേജില്‍ നിന്നുള്ള ഏഴ് പെണ്‍കുട്ടികളെയാണ് വേണ്ടത്. അതില്‍ രണ്ട് പേരെക്കൂടി വേണം എന്ന്. സാര്‍ വിളിക്കുമ്പോള്‍ ഞാനൊരു ബന്ധുവിന്റെ കല്യാണസ്ഥലത്തായിരുന്നു. കല്യാണത്തിന് വന്ന കൂട്ടുകാരുടെ കൂടെ രണ്ടു ദിവസം കൂടി അടിച്ചുപൊളിക്കണോ അതോ സാര്‍ പറഞ്ഞ പ്രോഗ്രാമില്‍ പങ്കെടുക്കണോ എന്ന് രണ്ടുവട്ടം ആലോചിച്ചു. അമ്മയോട് ചോദിച്ചപ്പോഴും പ്രോഗ്രാം രാത്രിയിലായത് കൊണ്ട അച്ഛനോട് ചോദിക്കൂ എന്നായിരുന്നു മറുപടി. മുയീന്‍ സാറിനോടുള്ള വിശ്വാസം കൊണ്ട് അച്ഛനും അമ്മയും സമ്മതിച്ചു. അങ്ങനെ കല്യാണവീട്ടില്‍ നിന്ന് അനുശ്രീ നേരെ തലശ്ശേരിയില്‍ പ്രോഗ്രാം നടക്കുന്ന സ്ഥലത്തെത്തി.
അവിടെ എത്തിയപ്പോഴാണ് എത്തിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചും പ്രോഗ്രാമിനെക്കുറിച്ചും ഏകദേശ രൂപം കിട്ടിയതെന്ന് അനുശ്രീ പറയുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ പ്രൗഢഗംഭീരമായ വേദി! മുഖ്യമന്ത്രി പിണറായി വിജയനും പുരസ്‌കാര ജേതാക്കളും നില്‍ക്കുന്ന വേദിയില്‍ ഹോസ്റ്റ് ചെയ്യാനാണ് വിളിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ മുട്ടിടിക്കാന്‍ തുടങ്ങി” ഇത് അനുശ്രീയുടെ വാക്കുകളാണ് താന്‍ തികച്ചും അവിചാരിതമായാണ് ഇത്ര വലിയ വേദിയില്‍ എത്തിയത് എന്ന് അനു തുറന്നു പറഞ്ഞത് മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ നാരദയ്ക്ക്നല്‍കിയ അഭിമുഖത്തിലാണ്.
മലയാളിയുടെ സൗന്ദര്യ സങ്കല്‍പത്തിന് ഒപ്പം നില്‍ക്കുന്ന മുഖസൗന്ദര്യമോ നിറമോ ഇല്ലാത്ത ആളാണ് ഞാന്‍. എന്റെ നിറം കറുപ്പാണ്. പിന്നെ എനിക്ക് പൊക്കം കുറവാണ് എന്ന് അനുശ്രീ പറയുമ്പോള്‍, വ്യവസ്ഥാപിതമായ എന്തിനെയും പൊളിച്ചെഴുതാന്‍ മലയാളികള്‍ എല്ലാക്കാലവും തയ്യാറായിരുന്നു എന്ന് ഇതുവരെയുള്ള നാടിന്റെ ചരിത്രം കാട്ടുന്നത് പോലെ, ഇനിയും അത് കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കും എന്നാണ് അനുവിനെപോലുള്ളവര്‍ ധൈര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ഏവര്‍ക്കും മനസിലാകുന്നത്.
