മലയാറ്റൂര്‍ കുരിശ് പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു; കപ്യാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത് കൊലയില്‍ കലാശിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മലയാറ്റൂര്‍ കുരിശ് പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു; കപ്യാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത് കൊലയില്‍ കലാശിച്ചു

കൊച്ചി: രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികന്‍ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട്ടാ(52)ണ് കൊല്ലപ്പെട്ടത്. വൈദികനെ കുത്തിയശേഷം കപ്യാര്‍ വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമുടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് കപ്യാര്‍ക്കെതിരെ ഫാ.സേവ്യര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വൈദികനോട് പലതവണ കപ്യാര്‍ തര്‍ക്കിച്ചിരുന്നു. വ്യക്തിവൈരാഗ്യമുണ്ടായിരുന്ന കപ്യാര്‍, വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പെട്ടു. തര്‍ക്കം മൂര്‍ധന്യത്തിലെത്തിയതോടെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബര്‍ 27ന് ബിഷബ് മാര്‍ ജേക്കബ് മനത്തോടത്തില്‍നിന്ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യര്‍ തേലക്കാട്ട് സി.എല്‍.സി അതിരൂപതാ ഡയറക്ടര്‍, പി.ഡി.ഡി.പി വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയാണ്. മാളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കൊച്ചി ചേരാനെല്ലൂര്‍ തേലക്കാട്ട് പൗലോസ്‌ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ രണ്ടാമനാണ് ഫാ.സേവ്യര്‍.

0Shares