മലപ്പുറം വിധിയെഴുത്ത്; ഫലമറിയാന്‍ ഇനി മൂന്നുനാള്‍.

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറം വിധിയെഴുത്ത്; ഫലമറിയാന്‍ ഇനി മൂന്നുനാള്‍.

മലപ്പുറം: ഒരുമാസം നീണ്ട പ്രചാരണത്തിനു ഒടുവില്‍ ഇന്നലെ വിധി എഴുതിയ മലപ്പുറത്തിന് ഫലമറിയാന്‍ ഇനി മൂന്നുനാള്‍ കാത്തിരിക്കണം. നാലാംനാള്‍ ഫലം അറിയാം. 17ന് (തിങ്കള്‍)രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികളുടെ കൂട്ടിയും കുറച്ചുമുള്ള അവലോകനം ഇന്നലെ വൈകിട്ടോടെ ആരംഭിച്ചു. 2014നെ അപേക്ഷിച്ച് വോട്ട് ശതമാനം വലിയ മാറ്റമില്ലാതെ നിന്നത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. 2014ല്‍ മണ്ഡലത്തില്‍ 11,97,718 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 8,52,936 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 71.21 ശതമാനമായിരുന്നു പോളിങ്. ഇതിനെ അപേക്ഷിച്ച് പോയിന്റ് എട്ട് ശതമാനം വോട്ടുകളാണ് ഇത്തവണ കുറഞ്ഞത്.

അനുകൂലമായ രാഷ്രീയ സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചതിനു പിന്നാലെ പഴയ വോട്ടുശതമാനം ഏറെക്കുറേ നിലനിര്‍ത്താനായത് ഭൂരിപക്ഷം വര്‍ധിക്കുന്നതിനുള്ള കാരണമായി യു.ഡി.എഫ് വിലയിരുത്തുന്നു. 2014 നെ അപേക്ഷിച്ച് 1,14975 പുതിയ വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ചെറുപാര്‍ട്ടികള്‍ രംഗത്തില്ലാത്തതും ഒരുലക്ഷത്തിലധികം വോട്ടര്‍മാര്‍ വര്‍ധിച്ചതും മുന്നണികളുടെ വോട്ടുനില വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഉറപ്പാണ്. യുവസ്ഥാനാര്‍ത്ഥി എന്ന പരിഗണനവെച്ച് പുതിയ വോട്ടര്‍മാരില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാനാകുമെന്നാണ് ഇടതുകേന്ദ്രങ്ങളിലെ പ്രതീക്ഷ. ഒന്‍മ്പതുപേരാണ് ഇത്തവണ മത്സര രംഗത്തുണ്ടായത്. എന്നാല്‍ യഥാര്‍ഥ മത്സരം യുഡിഎഫിലെ പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫിലെ അഡ്വ. എം.ബി ഫൈസലും ബിജെപിലെ എന്‍. ശ്രീപ്രകാശും തമ്മിലായിരുന്നു. ഇടതുപക്ഷം പ്രതീക്ഷ വെച്ച മങ്കട(68.58)യിലും പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയായ വേങ്ങരയിലുമാണ്(67.7) കുറവ് വോട്ടുശതമാനമുള്ളത്. അതേസമയം 2014ല്‍ നോട്ട നേടിയ വോട്ടിന്റെ എണ്ണം സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. 21829 പേരാണ് നിഷേധവോട്ട് രേഖപ്പെടുത്തിയത്.

 

0Shares