മലപ്പുറം: മലപ്പുറം ലോക് സഭാ ഉപതിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ നോക്കുമ്പോള്‍ ഓര്‍മ്മയില്‍ നിന്നും മായാതെ മലപ്പുറത്തെ ജനപ്രിയ നേതാവ് ഇ. അഹമ്മദും. കഴിഞ്ഞ ജനുവരി 31 നാണ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ് ഇ. അഹമ്മദ് എന്ന നേതാവ് വിടവാങ്ങിയത്. മലപ്പുറം ജനത്തിന്റെ ഒപ്പം നിന്ന് നയിച്ച ഈ ജനപ്രതിനിധിയുടെ പിന്‍ഗാമി ആരാകുമെന്ന ആകാംക്ഷയിലാണ് കേരളം. മൂന്ന് വര്‍ഷം മുമ്പാണ് ഏഴാം തവണയും മലപ്പുറത്ത് നിന്നും ഇ. അഹമ്മദ് ലോക് സഭയില്‍ എത്തുന്നത്.

2014 ല്‍ അഹമ്മദിന് മലപ്പുറം ലോക്‌സഭാ മണ്ഡലം നല്‍കിയത് 1,94739 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. സംസ്ഥാന ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം കൂടിയായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായിരുന്ന മലയാളി എന്ന പദവിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 1991 മുതല്‍ ’99വരെ മഞ്ചേരിയില്‍ ആയിരുന്നു അഹമ്മദിന്റെ തട്ടകം. 2004ല്‍ അഹമ്മദ് പൊന്നാനിയിലേക്ക് മാറി. പിന്നീട് മഞ്ചേരിയുടെ പേര് മലപ്പുറം എന്നാക്കി മാറ്റുകയായിരുന്നു. മലപ്പുറത്ത് നിന്ന് രണ്ട് തവണ വിജയം കൈവരിച്ച വ്യക്തി കൂടിയാണ് ഇ. അഹമ്മദ്. എന്നാല്‍ ഇ.അഹമ്മദിന്റെ പിന്‍ഗാമിയായി വന്ന പി.കെ കുഞ്ഞാലിക്കുട്ടി റെക്കോര്‍ഡ് ഭൂരിപക്ഷം തകര്‍ക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.