മലപ്പുറം തലപ്പാറയില്‍ ദേശീയപാത സ്ഥലമെടുപ്പിനെതിരെ സംഘര്‍ഷം; പോലീസ് വീടുകളിൽ കയറി മർദിച്ചെന്ന് നാട്ടുകാർ; പോലീസ്‌ ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറം തലപ്പാറയില്‍ ദേശീയപാത സ്ഥലമെടുപ്പിനെതിരെ സംഘര്‍ഷം; പോലീസ് വീടുകളിൽ കയറി മർദിച്ചെന്ന് നാട്ടുകാർ; പോലീസ്‌ ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു

മലപ്പുറം∙ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം തലപ്പാറയില്‍ സംഘര്‍ഷം.നാട്ടുകാരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ പോലീസ് ലാത്തിചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. മൂന്ന് ഗ്രനേഡുകളും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസുകാര്‍ വീടുകയറി ആക്രമിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു.സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നാട്ടുകാര്‍ കോഴിക്കോട് –  കുറ്റിപ്പുറം റോഡ് ഉപരോധിച്ചു.

സര്‍വ്വെക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ദേശീയ പാതയില്‍ നിന്നും വിട്ടുനിന്ന് അന്‍പത് മീറ്റര്‍ ഭൂമി പുതുതായി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതാണ് മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. മുപ്പത്തിരണ്ട് വീടുകളും രണ്ട് ചെറിയ കവലകളും ആണ് നിലവിലെ അലൈന്‍മെന്റില്‍ ഭൂമി ഏറ്റെടുത്താല്‍ നഷ്ടമാകുക എന്ന് നാട്ടുകാര്‍ പറയുന്നു. നിലവിലെ ദേശീയപാത വികസിപ്പിച്ചാല്‍ ഒരു ക്ഷേത്രത്തിന്‍റെയും പള്ളിയുടെയും സ്ഥലം പോകുമെന്ന കാരണത്താല്‍ ആണ് ജനവാസമേഖലയിലൂടെ പുതിയ അലൈന്മെന്റ് ഉണ്ടാക്കിയത്.

പ്രതിഷേധത്തെത്തുടർന്ന് കുറച്ചുസമയം സർവേ നിർത്തിവച്ചെങ്കിലും തിരൂരങ്ങാടി താലൂക്കിലെ സർവേ പുരോഗമിക്കുകയാണ്. തിരൂരങ്ങാടി, വേങ്ങര, എ ആർ നഗർ വില്ലേജുകളിലെ കരുമ്പിൽ മുതൽ കൊളപ്പുറം വരെയുള്ള ഭാഗങ്ങളിലാണ് ഇന്നലെ സർവേ നടത്തിയത്. ഇന്നലെ 3.25 കിലോമീറ്റർ സർവേ നടത്തി. ഇതുവരെയായി 35.1 കിലോ മീറ്റർ സർവേ പൂർത്തിയാക്കി. വൻ പൊലീസ് സംഘത്തിന്‍റെയും റാപ്പിഡ് ആക‍്ഷൻ ഫോഴ്സിന്‍റെയും സാന്നിധ്യത്തിലായിരുന്നു സർവേ.

0Shares