
മലപ്പുറം ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലാ വിഭജനം വേണമെന്ന് മുസ്ലീം ലീഗ് ആവശ്യം സർക്കാർ തള്ളി. പുതിയ ജില്ല രൂപീകരിക്കുക എന്നത് ശാസ്ത്രീയ സമീപനമല്ലെന്നാണ് സർക്കാർ നിലപാടെന്ന് കെ. എൻ.എ ഖാദർ എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. അധികാര വികേന്ദ്രീകരണം നടപ്പാക്കാൻ ജില്ലവിഭജിക്കണമെന്ന ആവശ്യം ശരിയല്ല. അധികാര വികേന്ദ്രീകരണം ഏറ്റവും മികച്ച രീതിയിൽ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വ്യവസായ മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

മലപ്പുറം ജില്ല രൂപീകരിച്ച് 50 വർഷം പിന്നിടുമ്പോഴും വികസനം സാധ്യമാവുന്നില്ലെന്നായിരുന്നു കെ.എൻ.എ ഖാദർ നോട്ടീസിൽ ആരോപിച്ചത്. 45 ലക്ഷമാണ് ജില്ലയിലെ ജനസംഖ്യ. അതിനാൽ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്താൻ ബുദ്ധിമുട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ജില്ലകളേക്കാൽ കൂടുതൽ ലോക് സഭാ സീറ്റുകൾ ഉള്ളപ്പോൾ കേരളത്തിൽ സ്ഥിതി വ്യത്യസ്ഥമാണെന്നും എം.എൽ.എ അറിയിച്ചു.
ദിവസങ്ങൾക്ക് മുൻപ് യു.ഡി.എഫ് അനുമതിയില്ലാത്തതിനെ തുടർന്ന് പിൻമാറിയ മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യവുമായി വീണ്ടും കെ.എന്‍.എ. ഖാദർ എം.എൽ.എ നോട്ടീസ് നൽകുകയായിരുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
