ബെംഗളൂരു: അനധികൃത സ്വത്ത് സംമ്പാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സൗകര്യം നല്‍കുന്നുവെന്ന് സഹതടവുകാരുടെ പരാതി. ജയിലില്‍ സ്ത്രീ തടവുകാര്‍ക്ക് വെള്ളസാരിയും ബ്ലൗസുമാണ് വേഷം. എന്നാല്‍ ശശികല ചുരുദാറാണ് ധരിക്കുന്നതെന്നും ജയിലിലെ ഭക്ഷണത്തിന് പുറമേ പുറത്തു നിന്നുള്ള ഭക്ഷണവും എത്തിക്കുന്നുണ്ടെന്ന് സഹ തടവുകാര്‍ പരാതി നല്‍കി.

ശശികലയ്ക്ക് സന്ദര്‍ശകരെ കാണുന്നതിനും പ്രത്യേക പരിഗണന നല്‍കുന്നതായി പരാതിയുണ്ട്. സന്ദര്‍ശകരെ കാണാന്‍ ശശികല എത്തുന്നത് ജയില്‍ സൂപ്രണ്ടിനോടൊപ്പമാണെന്നും കൂടുതല്‍ സമയം സന്ദര്‍ശകരുമായി സംസാരിച്ചിരിക്കാന്‍ അനുവാദം നല്‍കുന്നുവെന്നും തടവുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങളൊന്നും ശരിയല്ലെന്നും ശശികലയ്ക്ക് യാതൊരു പ്രത്യേക പരിഗണനയും തങ്ങള്‍ നല്‍കുന്നില്ലെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.