‘മറന്നു പോയിട്ടുണ്ടെങ്കില്‍ ‘ഇവരെ എന്നും ഓര്‍ക്കുക’; നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ ലിനി നേഴ്സിന് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന

  • Post category:news
  • Reading time:1 min read
You are currently viewing ‘മറന്നു പോയിട്ടുണ്ടെങ്കില്‍ ‘ഇവരെ എന്നും ഓര്‍ക്കുക’; നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ ലിനി നേഴ്സിന് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന

തിരുവനന്തപുരം: ജോലിക്കിടേ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ ലിനി നേഴ്സിന് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഗാസയിലെ മാലാഖ എന്ന് ലോകം വിശേഷിപ്പിച്ച റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ജിം ആദരമര്‍പ്പിച്ചത്.
മറന്നു പോയിട്ടുണ്ടെങ്കില്‍ ‘ഇവരെ എന്നും ഓര്‍ക്കുക’ എന്നാണ് ട്വിറ്ററില്‍ എഴുതിയ കുറിപ്പാരംഭിക്കുന്നത്.
രോഗീപരിചരണത്തിലൂടെ നിപ്പ വൈറസ് ബാധിച്ച് മെയ് 21നാണ് പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ സ്റ്റാഫ് നേഴ്സായ ലിനി പുതുശ്ശേരി മരിച്ചത്. ആതുരസേവനത്തിനു വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്ന ലിനിയെ നിപ്പ വൈറസിനാല്‍ രക്തസാക്ഷിയാവേണ്ടി വന്ന മാലാഖ എന്നായിരുന്നു പലരും വിശേഷിപ്പിച്ചത്. വേണ്ടപ്പെട്ടവരില്‍ നിന്നും താന്‍ പിരിയുകയാണെന്ന് മനസിലാക്കിയ ലിനി മരണക്കിടക്കയില്‍ നിന്ന് ഭര്‍ത്താവ് സജീഷിന് എഴുതിയ അവസാന കത്ത് കേരള സമൂഹത്തില്‍ ഏറെ ചലനമുണ്ടാക്കിയിരുന്നു. ഈ കത്ത് ഉള്‍പ്പെടെ ഇക്കണോമിസ്റ്റിന്റെ പക്തിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗാസയിലെ മാലാഖ എന്ന് ലോകം വിശേഷിപ്പിച്ച ഇരുപതുകാരിയാണ് റസാന്‍ അല്‍ നാജാര്‍. ഗാസയില്‍ സമരക്കാരായ പാലസ്തീനികളുടെ മുറിവില്‍ മരുന്ന് പുരട്ടാനായി തെരുവിലൂടെ ഓടുന്നതിനിടിയിലാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ആ കുഞ്ഞു മാലാഖ യാത്രയായത്. ഗാസ പട്ടണമായ ഖാന്‍ യൂനുസ് തെരുവിലാണ് അവള്‍ അന്ത്യശ്വാസം വലിച്ചത്. സലോമി കര്‍വ ആഫ്രിക്കയില്‍ എബോള വൈറസിനെതിരെ പോരാടിയ ധീര വനിതയാണ്. എബോള രോഗബാധയില്‍നിന്നു സ്വയം മുക്തി നേടിയാണ് എബോള പോരാട്ടത്തിനായി സലോമി മുന്നിട്ടിറങ്ങിയത്. എന്നാല്‍ പ്രസവത്തെ തുടര്‍ന്ന് 2017 ല്‍ സലോമി മരിക്കുകയായിരുന്നു.

0Shares