സൂറിച്: ഫുട്‌ബോള്‍ ചരിത്രത്തില്‍ വിവാദം സ്യഷ്ടിച്ച 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനക്കായി ഇതിഹാസ താരം ഡിയഗോ മറഡോണ നേടിയ ദൈവത്തിന്റെ കൈ ഗോള്‍ കാണാതെ പോയ ലൈന്‍ റഫറി ഓര്‍മയായി. ബള്‍ഗേറിയയുടെ ബൊഗ്ഡാന്‍ ഡോചെവാണ് എണ്‍പതാം വയസില്‍ അന്തരിച്ചത്. ലോകകപ്പിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീന 2-1ന് ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോഴായിരുന്നു ബള്‍ഗേറിയന്‍ റഫറി കബളിപ്പിക്കപ്പെട്ടത്. ലോകഫുട്ബോളില്‍ നൂറ്റാണ്ടിന്റെ ഗോള്‍ എന്ന വിശേഷണം ലഭിച്ച മറഡോണയുടെ മാന്ത്രിക ഗോള്‍ പിറന്നതും ഈ മത്സരത്തിലായിരുന്നു.
മറഡോണ കൈകൊണ്ട് പന്ത് തട്ടി വലയിലാക്കിയത് ഇംഗ്ലണ്ട് ഗോളി ചോദ്യം ചെയ്തെങ്കിലും ടുണീഷ്യന്‍ റഫറി അലി ബിന്‍ നാസര്‍ ഇത് കാര്യമാക്കിയില്ല.
ലൈന്‍ റഫറി ഡോചെവ് ഇത് ഹാന്‍ഡ് ബോള്‍ വിധിക്കാത്തതാണ് കാരണം. ചെറിയൊരു സംശയം തനിക്കുണ്ടായിരുന്നുവെങ്കിലും താന്‍ ഡൊചെവിനെ നോക്കി. പക്ഷേ, അദ്ദേഹം ഹാന്‍ഡ് ബോളാണെന്ന സൂചനയൊന്നും നല്‍കിയില്ല – വിവാദ ഗോളിനെ കുറിച്ച് നാസര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്.
രണ്ട് തവണ ബള്‍ഗേറിയക്കായി രാജ്യാന്തര മത്സരം കളിച്ച ഡോചെവ് പിന്നീട് റഫറിയിംഗ് കരിയര്‍ തിരഞ്ഞെടുക്കുകയായിരുന്നു. മറഡോണയുടെ കൈ ഗോള്‍ ഡോചെവിന്റെ കരിയര്‍ തകര്‍ത്തു കളഞ്ഞു. പിന്നീട് പല പ്രധാന മത്സരങ്ങളില്‍ നിന്നും ഡോചെവ് മാറ്റി നിര്‍ത്തപ്പെട്ടു. തന്റെ കരിയറും ജീവിതവും മറഡോണ നശിപ്പിച്ചുവെന്ന് പില്‍ക്കാലത്ത് ഡോചെവ് പരിഭവപ്പെടാറുണ്ടായിരുന്നു. മറഡോണ ബുദ്ധിമാനായ ഫുട്ബോളറാണ് അതുപോലെ നീചനായ വ്യക്തിയും – ഡോചെവ് മറഡോണയോടുള്ള വെറുപ്പ് മറച്ചുവെച്ചിരുന്നില്ല. 1970-80 കളില്‍ ബള്‍ഗേറിയന്‍ ടോപ് ഡിവിഷന്‍ ഫുട്ബോളിലെ മികച്ച റഫറിയായിരുന്നു ഡോചെവ്. 1982 ലോകകപ്പും യൂറോപ്യന്‍ ക്ലബ്ബ് മത്സരങ്ങളും നിയന്ത്രിച്ച ഡോചെവ് 1983 യുവേഫ കപ്പ് ഫൈനല്‍ നിയന്ത്രിച്ച് കൊണ്ടാണ് കരിയര്‍ അവസാനിപ്പിച്ചത്.
മറഡോണയുടെ വിവാദ കൈ ഗോള്‍ കാണാതെ പോയ ലൈന്‍ റഫറി അന്തരിച്ചു.