
കൊച്ചി: സരസമായ പ്രസംഗങ്ങള്‍ വഴി ജനങ്ങളെയും നേതാക്കളെയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എൻ. സി. പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈമാസം 11 മുതൽ ചികിൽസയിലായിരുന്നു. കെ. എസ്. യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ വിജയൻ പ്രഗത്ഭനായ പ്രാസംഗികനായിരുന്നു. നർമത്തിലൂടെ ജനത്തെ പിടിച്ചിരുത്താനുള്ള കഴിവ് അദ്ദേഹത്തെ പ്രവർത്തകരുടെ പ്രിയപ്പെട്ട നേതാവാക്കി മാറ്റി.
കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവൺമെന്റ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുറിച്ചിത്താനം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ഹൈസ്ക്കൂൾ പഠനം. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. വള്ളിച്ചിറ നെടിയാമറ്റത്തിൽ ചന്ദ്രമണിയമ്മയാണ് ഭാര്യ. വന്ദന, വർഷ എന്നിവർ മക്കൾ.
പൊതുവെ ഗൗരവക്കാരനായ പിണറായി വിജയനെ പോലും ചിരിപ്പിച്ചു ഉഴവൂരിന്റെ പ്രസംഗ ശൈലി എന്ന് പറയുമ്പോള്‍ തന്നെ ഉഴവൂര്‍ വിജയന്‍ എന്ന ജനകീയ നേതാവിനെ മനസിലാക്കാം. എന്‍. സി. പിയിലെ നേതാക്കള്‍ അടക്കമുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. കോട്ടയം ജില്ലയിലെ കുറച്ചിത്താനത്താണ് വിജയന്‍ ജനിച്ചത്. സജീവ കെ. എസ്. യു പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവേശനം നടത്തിയ അദ്ദേഹം പിന്നീടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് 1999ല്‍ എന്‍. സി. പിയില്‍ ചേരുകയായിരുന്നു.
