ന്യൂഡല്‍ഹി: മരിക്കാത്ത കുഞ്ഞിനെ മരിച്ചു എന്ന് വിധിയെഴുതി ഹോസ്പിറ്റല്‍ അധികൃതര്‍. ഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയായ സഫ്ദര്‍ജങ്ങ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ബദര്‍പൂര്‍ സ്വദേശിനി പ്രസവിച്ചത്. എന്നാല്‍ പ്രസവിച്ച കുഞ്ഞിന്റെ മരണ വാര്‍ത്തയാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കുഞ്ഞ് ശ്വസിച്ചിരുന്നില്ലെന്നതാണ് അധികൃതര്‍ വീട്ടുകാരോട് പറഞ്ഞത്. പിന്നീട് കുഞ്ഞിന്റെ ശരീരം അധികൃതര്‍ പെട്ടിയിലാക്കി സീല്‍ ചെയ്ത് വീട്ടുകാര്‍ക്ക് നല്‍കുകയും ചെയ്തു

കുഞ്ഞ് മരിച്ചതറിഞ്ഞ അമ്മയുടെ ആരോഗ്യ നില മോശമായിരുന്നതിനാല്‍ അച്ഛന്‍ രോഹിത് ഉള്‍പ്പെടെ ഉള്ളവര്‍ കുഞ്ഞിന്റെ ശരീരം സംസ്‌ക്കരിക്കാന്‍ വീട്ടിലേക്ക് തിരിച്ചു. സംസ്‌ക്കാരത്തിനുള്ള ചടങ്ങുകളും തുടങ്ങിഅതിനിടെ പെട്ടിക്കകത്ത് നിന്നും അനക്കം കേട്ട രോഹിതിന്റെ സഹോദരി പെട്ടി തുറന്നപ്പോഴാണ് വീട്ടുകാരെല്ലാം ഞെട്ടിയത്. കുഞ്ഞിന് ജീവനുണ്ടായിരുന്നു. കുഞ്ഞ് ശ്വാസമെടുക്കുകയും കൈകാലുകള്‍ അനക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞിനെ ഉടനെ തന്നെ വീട്ടുകാര്‍ അപ്പോളോ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്നും സഫ്ദര്‍ജംഗിലേക്ക് മാറ്റുകയും ചെയ്തു. ജീവനുള്ള കുഞ്ഞിനെ മരിച്ചെന്ന് വിധിയെഴുതിയ ആശുപത്രിക്കെതിരെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവ ദിവസം മറ്റൊരു നവജാത ശിശു മരിച്ചിരുന്നുവെന്നും കുഞ്ഞിനെ മാറിപ്പോയതാണെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. തെറ്റ് പറ്റിയതാണോ എന്ന് സഫ്ദര്‍ജംഗ് ആശുപത്രി അന്വേഷിക്കുന്നുണ്ട്. 22 ആഴ്ച മുന്നേ ജനിച്ചതും 500 ഗ്രാമില്‍ താഴെ മാത്രം തൂക്കവുമുള്ള കുഞ്ഞ് സാധാരണ ഗതിയില്‍ ജീവിച്ചിരിക്കാന്‍ സാധ്യത ഇല്ലാത്തതാണ്. എന്നാല്‍ അത്തരം ഘട്ടത്തില്‍ കുഞ്ഞിനെ ഒരു മണിക്കൂര്‍ നിരീക്ഷണത്തില്‍ വെക്കണമെന്ന ചട്ടം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഇതാണ് ആശുപത്രി അധികൃതര്‍ക്ക് തെറ്റുപറ്റാന്‍ ഇടയാക്കിയതെന്നാണ് ആക്ഷേപം.