മരിച്ചുവെന്നു കരുതി ബന്ധുക്കള്‍ ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീക്ക് പുനര്‍ജന്മം; സംഭവം നടന്നത് ഇടുക്കി വണ്ടന്മേട്ടിലാണ്

  • Post category:news
  • Reading time:1 min read
You are currently viewing മരിച്ചുവെന്നു കരുതി ബന്ധുക്കള്‍ ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീക്ക് പുനര്‍ജന്മം; സംഭവം നടന്നത് ഇടുക്കി വണ്ടന്മേട്ടിലാണ്

കട്ടപ്പന: മരിച്ചെന്ന് കരുതി ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിച്ചു. ഇടുക്കി വണ്ടന്മേട്ടിലാണ് സംഭവം. വണ്ടന്മേട് പുതുവല്‍ രത്‌നവിലാസം മുനിസ്വാമിയുടെ ഭാര്യ രത്‌നത്തെ(51)യാണ് ബന്ധുക്കള്‍ ഫ്രീസറിലേക്ക് മാറ്റിയത്. എന്നാല്‍ ഫ്രീസറിനുള്ളില്‍ വച്ച് രത്‌നത്തിന്റെ ശരീരം അനങ്ങിയതും ശ്വസിക്കുന്നതും ബന്ധുക്കളിലൊരാളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ബന്ധുക്കളെല്ലാം കൂടി രത്‌നത്തെ ഫ്രീസറിനുള്ളില്‍ നിന്നും പുറത്തെടുത്ത് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരിച്ചെന്ന് കരുതിയ രത്‌നം ഇപ്പോള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ഞപ്പിത്തം ബാധിച്ച രത്‌നം മാസങ്ങളോളം മധുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതിനാല്‍ രക്ഷപ്പെടാന്‍ ഒരു സാദ്ധ്യതയുമില്ലെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രത്‌നത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആറു മണിക്കൂറില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറഞ്ഞു. തുടര്‍ന്ന് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ മധുര മെഡിക്കല്‍ കോളേജില്‍ നിന്നും രത്‌നത്തെ വണ്ടന്മേട്ടിലെ വീട്ടിലെത്തിച്ചു. ഇവിടെയെത്തിയ ഉടന്‍ തന്നെ രത്‌നം മരിച്ചെന്നാണ് ബന്ധുക്കള്‍ കരുതുകയും തുടര്‍ന്ന് രത്‌നത്തെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ബന്ധുക്കളിലൊരാളാണ് ഫ്രീസറിനുള്ളിലെ ശരീരം അനങ്ങുന്നതായി കണ്ടത്. ഇയാള്‍ തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തിയാണ് രത്‌നത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായതിനാല്‍ പിന്നീട് ഐസിയുവിലേക്ക് മാറ്റി.

 

0Shares