റോം: 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്ത പത്തു വയസുള്ള കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇറ്റലിയില്‍ നിന്ന് ലഭിച്ച മൃതദേഹത്തില്‍ നിന്ന് നിര്‍ണായകമായ രേഖകള്‍ കണ്ടെത്തി. വായക്കുള്ളില്‍ കല്ല് തിരുകി അടച്ച നിലയിലായിരുന്നു തലയോട്ടിയുടെ അവശിഷ്ടങ്ങള്‍ കണ്ടത്. കുട്ടി ആണോ പെണ്ണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. റോമില്‍ നിന്നും അറുപത് മൈല്‍ അകലെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയുണ്ടായിരുന്നത് വലിയൊരു ചുണ്ണാമ്പു കല്ല് വച്ച് അടച്ച നിലയിലായിരുന്നു ചുണ്ണാമ്പു കല്ലില്‍ കുട്ടിയുടെ പല്ലിന്റെ അടയാളങ്ങളും വ്യക്തമായിരുന്നു. അസുഖങ്ങള്‍ ബാധിച്ച് മരിച്ചവര്‍ ദുരന്തം പടര്‍ത്താതിരിക്കാന്‍ ആദ്യ കാലങ്ങളില്‍ വേറിട്ട രീതിയില്‍ മൃതസംസ്‌കാരം നടത്തിയിരുന്നത് ഇങ്ങനെയാണെന്ന് ഗവേഷകര്‍ വിശദമാക്കുന്നു.
മലേറിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ച കുട്ടിയെയാവാം ഇത്തരത്തില്‍ സംസ്‌കരിച്ചതെന്നാണ് അരിസോണ സര്‍വ്വകലാശാലയിലെ ഗവേഷകനായ ജോര്‍ദാന്‍ വില്‍സണ്‍ പറയുന്നു. കുട്ടികളുടേത് മാത്രമായ നിരവധി മൃതദേഹാവശിഷ്ടങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തുള്ള കുട്ടികളുടെ ശ്മശാനമാണ് ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മരണത്തില്‍ നിന്ന് എഴുന്നേറ്റ് വരാതിരിക്കാനായി കുട്ടിയുടെ പാദങ്ങള്‍ മൃതദേഹത്തില്‍ നിന്ന് വേര്‍പെടുത്തിയിരുന്നു. സൈപ്രസിലാണ് ഇതിന് സമാനമായ ഒരു ശ്മശാനം കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. 1987ല്‍ ആയിരുന്നു ആ കണ്ടെത്തല്‍. സമാനമായ 51 ഓളം മൃതദേഹാവശിഷ്ടങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്.
മരണത്തില്‍ നിന്ന് എഴുന്നേറ്റ് വരാതിരിക്കാനായി കുട്ടിയുടെ പാദങ്ങള്‍ വേര്‍പെടുത്തി; പത്തു വയസുള്ള കുട്ടിയുടെ മൃതദേഹത്തോട് ‘അവര്‍’ ചെയ്തത്